തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത നാശം വിതച്ച് വര്‍ധ

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത നാശം വിതച്ചു. കനത്ത മഴയിലും കാറ്റിലും തമിഴ്‌നാടിന്റെ വിവിധയിടങ്ങളിലായി 7 പേര്‍ മരിച്ചു. വന്‍ മരങ്ങള്‍ കടപുഴകി. നൂറുകണക്കിന് കെട്ടിടങ്ങളും തകര്‍ന്നു. വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി. പല സ്ഥലത്തും വൈദ്യുതി ബന്ധം താറുമാറായി. തമിഴ്‌നാട്ടിലും ആന്ധ്രയിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് ദിവസത്തേക്ക് മഴ തുടരുമെന്നാണ് സൂചന. വര്‍ധ ഇന്ന് കര്‍ണ്ണാടകത്തില്‍ എത്തുമെന്നാണ് സൂചന.നാളെ ഗോവ കടക്കും.

ദുരന്തസ്ഥലത്തു നിന്ന് 7,000 പേരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ നിന്ന് 9,400 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലും ഉന്നത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാലു പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു. ചെന്നൈ, കാഞ്ചീപുരം സ്വദേശികളാണ് മരിച്ചത്. ഏഴു പേര്‍ മരിച്ചതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാവുന്നതു വരെ വിമാനങ്ങള്‍ റദ്ദുചെയ്തു. സബര്‍ബന്‍ ട്രെയിനുകളും ചില ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി നാവിക, വ്യോമ സേനകളും രംഗത്തെത്തിയിട്ടുണ്ട്. 5000 ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ഡോക്ടര്‍ സൗകര്യവുമായി നാവിക സേനയുടെ കപ്പലും തയ്യാറാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 16 സംഘം ദുരന്തസ്ഥലത്തുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!