ഗ്രാമീണമേഖലയ്ക്കു കൂടുതൽ ധനസഹായം, എല്ലാവർക്കും നൂറു തൊഴിൽ ദിനങ്ങൾ, സാമ്പത്തിക കുറ്റകൃത്യം തടയാൻ പുതിയ നിയമം…

ഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റവതരണം തുടങ്ങി.ഗ്രാമീണ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. 50,000 ഗ്രാമങ്ങളെ ദാരിദ്ര്യ വിമുക്തമാക്കും. കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇത് ചരിത്രതീരുമാനമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിന്ന്: നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായി. ക്രൂഡോയിൽ വില ഉയരുന്നത് ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കും. നോട്ടുപിൻവലിക്കൽ ശക്തമായ തീരുമാനമെന്ന് ധനമന്ത്രി. കളളപ്പണം, അഴിമതി, ഭീകരവാദം എന്നിവ നിയന്ത്രിക്കാൻ സാധിച്ചു. ദീർഘ കാലത്തേക്ക് രാജ്യത്തിന് ഗുണകരമാകും. ഉൽപാദനരംഗത്ത് ഇന്ത്യ ആറാംസ്ഥാനത്ത്.

ഗ്രാമീണമേഖലയ്ക്കു കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് ധനമന്ത്രി. ഗ്രാമീണ കാർഷിക രംഗത്തിന് 1,87,000 കോടി രൂപ ബജറ്റ് വകയിരുത്തൽ. 10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകും. അഞ്ചുവർഷത്തിനകം കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാൻ ശ്രമിക്കും.  കൂടുതൽ കാർഷിക ലാബുകൾ ആരംഭിക്കും. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. 2019 ഓടെ 50,000 ഗ്രാമങ്ങളെ ദാരിദ്രരഹിതമാക്കും. ഒരു കോടി ഭവനങ്ങൾ ദാരിദ്രമുക്തമാക്കും.

നൂറു തൊഴിൽ ദിനങ്ങൾ എല്ലാവർക്കും ഉറപ്പാക്കും. 2018 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും. മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപ. സ്ത്രീകൾക്കും കുട്ടികൾക്കുമുളള പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും.

യുജിസി നിയമം പരിഷ്കരിക്കും. കൂടുതൽ കോളജുകൾക്ക് സ്വയംഭരണാധികാരം നൽകും. പ്രവേശന പരീക്ഷകൾക്ക് ഏകീകൃത സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഏക അധികാര കേന്ദ്രം നിലവിൽ വരും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകും.

20,000 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികൾക്ക് നടപടി സ്വീകരിക്കും. ദേശീയ പാതകൾക്കായി 64,000 കോടി രൂപ. മെട്രോ റയിൽ നയം നടപ്പാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അഞ്ചു വർഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി. 2019 ഓടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ്. 2020 നകം ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും. 500 റയിൽവേ സ്റ്റേഷനുകൾ‌ ഭിന്നശേഷിയുള്ളവർക്ക് സൗഹൃദ സ്റ്റേഷനുകളാക്കും. റയിൽവേ ഐആർസിടിസി ഓൺലൈൻ ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കും.

സാമ്പത്തിക കുറ്റകൃത്യം തടയാൻ പുതിയ നിയമം നടപ്പാക്കും. 2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരും. മുഖ്യ തപാൽ ഓഫിസുകളിലും പാസ്പോർട്ട് സേവനം ഉറപ്പാക്കും. പെൻഷൻ ഒഴികെയുളള ചെലവുകൾക്കായി പ്രതിരോധ രംഗത്തിനായി 2.74 ലക്ഷം കോടി രൂപയുടെ വകയിരുത്തൽ.

വ്യാപാരികൾക്കായി ആധാർ അധിഷ്ഠിത ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടു വരും. അടിസ്ഥാന സൗകര്യ വികസനത്തിന് 3,96 ലക്ഷം കോടി രൂപയുടെ നിക്ഷേപം. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ശ്രംഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സൈബർ സുരക്ഷാ സംവിധാനം നടപ്പാക്കും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അഞ്ച് പ്രത്യേക വിനോദസഞ്ചാര മേഖലകൾക്കുളള പദ്ധതി നടപ്പാക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!