ഭീകരാക്രമണം: ജാഗ്രതാ നിര്‍ദേശം തകര്‍ത്തത് വന്‍ ആക്രമണ പദ്ധതിയെ

പത്താന്‍കോട്ട്: ഇന്ത്യന്‍ വ്യോമതാവളം ആക്രമിക്കാന്‍ മുതിര്‍ന്ന അഞ്ചു ഭീകരരെയും വധിച്ചു. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പില്‍ വ്യോമസേനയുടെ ഗരുഡ് വിഭാഗം കമാന്‍ഡോ അടക്കം മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു.

പിന്നീടു നടത്തിയ തെരച്ചിലില്‍ ഒരു ഭീകരനെക്കൂടി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അതിര്‍ത്തിക്കു സമീപം വ്യാഴാഴ്ച രാത്രി പഞ്ചാബ് പോലീസിലെ സൂപ്രണ്ടിനെ ഭീകരര്‍ ആക്രമിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഇടപെട്ട് ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെ ഇവിടെ കനത്ത സുരക്ഷാവലയം തീര്‍ത്തിരുന്നു.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ സമീപമുള്ള വനമേഖലയിലൂടെ ആര്‍.ഡി.എക്‌സ്. അടക്കമുള്ള സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി ഭീകരര്‍ എത്തി. മിഗ് പോര്‍വിമാനങ്ങള്‍ വിന്യസിച്ച വ്യോമതാവളത്തിലേക്കോ ടെക്‌നിക്കല്‍ മേഖലയിലേക്കോ കടക്കുന്നതിനു മുമ്പ് ഭീകരര്‍ വധിക്കപ്പെട്ടു.

ആക്രമണത്തിനെത്തിയവര്‍ വധിക്കപ്പെട്ടെങ്കിലും പത്താന്‍കോട്ട് ജമ്മു ദേശീയപാതയ്ക്കു സമീപം കൂടുതല്‍ ഭീകരരുടെ സാന്നിധ്യമറിഞ്ഞ് വ്യോമസേന ഹെലികോപ്ടറുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രത്യാക്രമണം തുടരുകയാണ്.

ഗുര്‍ദാസ്പുര്‍ എസ്.പി. സല്‍വീന്ദര്‍ സിങ്ങിനെ ആക്രമിച്ച് തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഭീകരര്‍ പാകിസ്താനിലെ ചിലരുമായി ആശയവിനിമയം നടത്തിയെന്നു കണ്ടെത്തി.

പാക് അതിര്‍ത്തിക്ക് വെറും 50 കിലോമീറ്റര്‍ ഇപ്പുറത്തുള്ള പത്താന്‍കോട്ട് വ്യോമതാവളത്തിന് പ്രതിരോധതന്ത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. ആക്രമണത്തെക്കുറിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു വിവരണം നല്‍കി.

മനുഷ്യത്വത്തിന്റെ ശത്രുക്കളാണ് ആക്രമണം നടത്തിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. പാകിസ്താനുമായി സൗഹൃദം ആഗ്രഹിക്കുമ്പോള്‍ത്തന്നെ, അവിടെനിന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം ഒരാഴ്ച പിന്നിടുന്നതിനു മുമ്പുണ്ടായ ഭീകരാക്രമണം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനും പാകിസ്താനില്‍ നിന്നുള്ള പ്രകോപനം തടയാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!