മാനഭംഗത്തിനിരയായ യുവതി ദയാവധത്തിന് രാഷ്ട്രപതിയെ സമീപിച്ചു

ഡല്‍ഹി: അച്ഛന്റെ സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്‍ മാനഭംഗപ്പെടുത്തിയ യുവതി, മൂന്നു മാസമായി തനിക്ക് നീതി നിഷേധിച്ചതിനെ തുടര്‍ന്ന് ദയാവധത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സമീപിച്ചു.

ബീഹാറിലെ അര്‍വാള്‍ ജില്ലയിലെ സഫഌപൂര്‍ ഗ്രാമവാസിയായ ഇരുപതുകാരിയാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. താന്‍ സമര്‍പ്പിച്ച പരാതിയില്‍ പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും അന്വേഷണത്തില്‍ ഉണ്ടായ കെടുകാര്യസ്ഥത മൂലം കുറ്റം ആരോപിക്കപ്പെട്ട വ്യക്തി സ്വതന്ത്രനായി ഇന്നും നടക്കുകയാണെന്നും യുവതി രാഷ്ട്രപതിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 22നാണ് തന്റെ പിതാവിന്റെ ബന്ധുവും സേന വിഭാഗത്തില്‍ ഉദ്യോഗസ്ഥനുമായ വ്യക്തിക്കെതിരെ പീഡനക്കുറ്റത്തിന് പരാതി നല്‍കിയത്. വൈദ്യ പരിശോധനയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. അര്‍വാളിലെ സ്ത്രീകള്‍ക്കു മാത്രമായുള്ള പ്രത്യേക പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പരാതി നല്‍കിയിരുന്നത്. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഒക്ടോബര്‍ 22നായിരുന്നു. സൈനിക ഉദ്യോഗസ്ഥന്‍ ബീഹാറിനു പുറത്തു ജോലി ചെയ്യുന്നതിനാല്‍ കേസ് അധികൃതര്‍ വൈകിപ്പിക്കുകയായിരുന്നു.

ബീഹാറിനു പുറത്ത് ജോലി ചെയ്യുന്ന ബന്ധുവിന്റെ കുടുംബം തന്നെയും തന്റെ കുടുംബത്തെയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും കത്തില്‍ പറയുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു ദയാവധ ഹര്‍ജി രാഷ്ട്രപതിക്ക് ലഭിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!