ആറു ദിവസം മുമ്പ് മഞ്ഞുപാളികളില്‍ കുടുങ്ങിയ സൈനികനെ അത്ഭുതകരമായി രക്ഷപെടുത്തി

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സയാച്ചിനില്‍ ഹിമപാതത്തില്‍ ആറു ദിവസം മുമ്പ് കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. കൂറ്റന്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കര്‍ണാടക സ്വദേശി ലാന്‍സ് നായിക് ഹന്മന്‍ താപ്പയെ ആണ് കണ്ടെത്തിയത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് സൈനികരായിരുന്നു ഹിമപാതത്തില്‍ അകപ്പെട്ടത്.

അത്ഭുതകരമെന്നാണ് സൈനികനെ ജീവനോടെ കണ്ടെത്തിയതിനെ രക്ഷാ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. 25 അടി താഴെ മഞ്ഞു പുതുഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ഹന്മര്‍. സൈനികരെല്ലാം മരിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. എങ്കിലും തിരച്ചില്‍ തുടരുകയായിരുന്നു. അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നും സൈന്യം അറിയിച്ചു.

ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒമ്പത് സൈനികരും മദ്രാസ് റെജിമെന്റിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. പട്രോളിംഗ് നടത്തുന്നതിനിടെ അറുനൂറ് മീറ്ററോളം ഉയരമുള്ള മഞ്ഞുപാളി ഇവര്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. പലഭാഗത്തും 30 അടിവരെ ആഴത്തില്‍ കുഴിച്ച് ആറു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തിയത്. പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെ, ദിശാനിര്‍ണയം നടത്തിയശേഷം ഇടവിട്ടു മഞ്ഞില്‍ കുഴിയെടുത്തുള്ള പരിശോധന തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!