പട്യാല ഹൗസ്‌ കോടതി പരിസരത്ത്‌ വീണ്ടും സംഘര്‍ഷം

ഡല്‍ഹി : ഡല്‍ഹി പട്യാല ഹൗസ്‌ കോടതി പരിസരത്ത്‌ വീണ്ടും സംഘര്‍ഷം. ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ്‌ കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്‌ അഭിഭാഷകരുടെ ഭാഗത്തു നിന്നും വീണ്ടും അക്രമം ഉണ്ടായത്‌. ഉച്ചയ്‌ക്ക് ശേഷം ഇത്‌ രണ്ടാം തവണയാണ്‌ അഭിഭാഷകര്‍ അക്രമാസക്‌തരായിരിക്കുന്നത്‌.

അഭിഭാഷകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന തുടര്‍ച്ചയായ അക്രമ സംഭവങ്ങളെ തുടര്‍ന്ന്‌ പാട്യാല ഹൗസ്‌ കോടതി നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌ നല്‍കി. കോടതി പരിസരം ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍ ഡല്‍ഹി പോലീസ്‌ കമ്മിഷണറുമായി നേരിട്ട്‌ സംസാരിച്ചു. മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കോടതി പരിസരം മുഴുവനായും ഒഴിപ്പിക്കണമെന്നുമാണ്‌ കോടതി നിര്‍ദേശം.

ദേശീയ പതാക ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്‌ അഭിഭാഷകര്‍ പ്രതിഷേധം അഴിച്ചുവിടുന്നത്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അഭിഭാഷകര്‍ പ്രതിഷേധം അഴിച്ചുവിട്ടു. അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ തകര്‍ന്നിട്ടുണ്ട്‌. ഇതിനിടെ, പാട്യാല ഹൗസ്‌ കോടതി വളപ്പിലെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ഇടപെട്ടിട്ടുണ്ട്‌. കബില്‍ സിബിലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അഭിഭാഷക കമ്മിഷനെ പാട്യാല ഹൗസ്‌ കോടതിയിലേയ്‌ക്ക് അയയ്‌ക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഒരോ പത്തു മിനിട്ടിലും റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ അഞ്ചംഗ സമിതിയോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!