രാജി സമയം തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍, തോമസ് ചാണ്ടി ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: ഹൈക്കോടതിപോലും രൂക്ഷമായി വിമര്‍ശിച്ച തോമസ് ചാണ്ടിയുടെ മന്ത്രിസഭയില്‍ നിന്നുള്ള രാജി സംബന്ധിച്ച് ഇടതു കേന്ദ്രങ്ങളില്‍ തിരക്കിട്ട ചര്‍ച്ച തുടരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം തോമസ് ചാണ്ടി, എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ രാവിലെ ക്ലിഫ് ഹൗസിലെത്തി. തോമസ് ചാണ്ടി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
ഹൈക്കോടതി വിധി പകര്‍പ്പ് ലഭിക്കുന്നതുവരെ കാക്കണമെന്ന ആവശ്യമാണ് എന്‍.സി.പി. നേതൃത്വം മുഖ്യമന്ത്രിക്കു മുന്നില്‍ വച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ തോമസ് ചാണ്ടി മന്ത്രിസഭാ യോഗം നടക്കുമ്പോഴും മന്ത്രി കസേരയില്‍ തുടരും. എന്നാല്‍, രാജി വേണമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചാല്‍ അത് ഉടനുണ്ടാകും.
ഹൈക്കോടതി വാക്കാല്‍ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സി.പി.എം നേതാക്കന്മാരും മുന്നണി നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു. എ.ജി കോടതിയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് എന്‍.സി.പി. നേതാക്കളെ തലസ്ഥാനത്തേക്കു വിളിപ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!