വിയര്‍ത്തുകുളിക്കുന്ന കേരളം; ഈ കാലാവസ്ഥ കൈയ്യിലിരിപ്പിന്റെ ഫലം

വിയര്‍ത്തുകുളിക്കുന്ന കേരളം; ഈ കാലാവസ്ഥ  കൈയ്യിലിരിപ്പിന്റെ ഫലം

വേനല്‍ച്ചൂടില്‍ വിയര്‍ത്തൊലിച്ച് കേരളം. ഡാമുകളിലെ ജലവിതാനം താഴ്ന്നതോടെ കടുത്തപ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനവും ഉടന്‍ നിലച്ചേക്കുമെന്നാണ് സൂചന.

അന്തരീക്ഷത്തിലെ ആര്‍ദ്രത കുറഞ്ഞുവരുന്നതായാണ് കാലാവസ്ഥാനിരീക്ഷകേന്ദ്രം പറയുന്നത്. മുമ്പില്ലാത്തവിധം കേരളത്തിലെ ജില്ലകളിലെ താപനില കുതിച്ചുയരാനുള്ള കാരണവും ഇതുതന്നെ. ഫെബ്രുവരി മാസത്തില്‍ ശരാശരി താപനില 35 ഡിഗ്രിയോടടുപ്പിച്ചാണ് മിക്ക ജില്ലകളിലും രേഖപ്പെടുത്തിയത്. തുലാവര്‍ഷത്തിലുണ്ടായ കുറവും ജലക്ഷാമം രൂക്ഷമാക്കി. കിണറുകളിലെ ജലനിരപ്പ് കഴിഞ്ഞമാസം രണ്ട്മീറ്ററിലധികം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതും അപകടകരമായ സൂചനയാണ് നല്‍കുന്നത്. ചൂട് കനത്തതോടെ സൂര്യാതാപമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. പകല്‍സമയത്തെ ജോലികള്‍ക്ക് സമയക്രമീകരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സാധാരണതൊഴിലാളികളുടെ നില ഭദ്രമല്ല.

കേരളത്തിന്റെ പച്ചപ്പിന് വെള്ളപുതപ്പിക്കുന്ന നടപടികളാണ് അടുത്തിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരുവശത്ത് ഹരിതകേരളം പോലുള്ള പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും, തണ്ണീര്‍ത്തടനിയമത്തില്‍ വെള്ളംചേര്‍ത്തും തീരദേശപരിപാലനച്ചട്ടം അട്ടിമറിച്ചും അനധികൃതനിര്‍മ്മാണങ്ങള്‍ക്ക് പിഴയടച്ച് അംഗീകാരം നല്‍കിയും പാറമടകള്‍ക്കനുവദിച്ച ദൂരപരിധി കുറച്ചും സര്‍ക്കാര്‍ മുന്നോട്ടുതന്നെയെന്ന വിമര്‍ശനവും ഉയരുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത വികസനനയം കേരളത്തെ കൊണ്ടെത്തിക്കുന്ന അപകടാവസ്ഥയിലേക്കുള്ള സൂചനയാണ് ഇന്നത്തെ ചുട്ടുപൊള്ളുന്ന കേരളം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!