ധാക്ക: ഭീകരാക്രമണത്തില്‍ 5 മരണം; 60 പേരെ ബന്ദികളാക്കി

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് മരണം. വെള്ളിയാഴ്ച ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയിലാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇറ്റാലിയന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുപതു വിദേശികളടക്കം 60 പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.30 ഓടെയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബംഗ്ലാദേശിലെ ഏറ്റവും നയതന്ത്രപ്രധാനമായ സ്ഥലത്താണ് ആക്രമണം നടന്നിരിക്കുന്നത്.

20 വിദേശികള്‍ ഉള്‍പ്പെടെ 35 ഓളം ആളുകള്‍ റെസ്‌റ്റോറന്റിന് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. റെസ്റ്റോറന്റില്‍ പ്രവേശിച്ച അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ധരിച്ച ഏകദേശം അഞ്ച് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!