തീവ്രവാദം: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു; അധിനിവേശ കാശ്മീരിലും പ്രതിഷേധം

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാരുടെ പ്രതിഷേധം. ഭീകരവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍, രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുമെന്ന് സര്‍വകക്ഷിയോഗത്തില്‍ വിദേശകാര്യ വകുപ്പിന്റെ മുന്നറയിപ്പ്.

പാക് അധീന കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ക്കു നേരെയാണ് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയത്. പാക് സൈന്യത്തിന്റെ സഹായത്തോടെ ഈ പ്രദേശത്ത് നിരവധി ഭീകര സംഘടനകളുടെ താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വളരെ നേരത്തെ തന്നെ ഇന്ത്യ ആരോപണം ഉന്നയിച്ചിരുന്നതാണ്. അതേ പ്രദേശങ്ങളിലാണ് ഇപ്പോള്‍ സ്ഥലവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഭീകരക്യാമ്പുകള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാനാവാത്ത അവസ്ഥ അവസാനിപ്പിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

അതേസമയം, ഭീകരവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പാക് സര്‍ക്കാരിനുമേലും സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോക രാജ്യങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന കാര്യം വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ വിശദീകരിച്ചു. ഇതൊഴിവാക്കാന്‍ ഭീകരവാദികള്‍ക്കു നേരെ നടപടി സ്വീകരിക്കാന്‍ ഐ.എസ്.ഐക്കും പാക് സൈന്യത്തിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!