ചികിത്സ വൈകിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ യുവാവ് മരിച്ചു; കമ്പനിക്കെതിരെ പ്രതിഷേധിച്ചവരെ മടക്കി അയക്കുന്നു

kuwait-road-blockingതൊഴിലാളിക്ക്  വൈദ്യസഹായം
നല്‍കുന്നതില്‍ കരാര്‍ കമ്പനി കാണിച്ച അനാസ്ഥമൂലം ഒരു ജീവന്‍ മരുഭൂമിയില്‍ പൊലിഞ്ഞു. സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ പ്രതിഷേധിച്ച മുപ്പതോളം ജീവനക്കാരെ കമ്പനി നാട്ടിലേക്ക് മടക്കി അയക്കുന്നു.

ബീഹാറിലെ ഗോരത്പൂറില്‍ നിന്ന് മൂന്നു മാസം മുമ്പുമാത്രം നോര്‍ത്ത് കുവൈറ്റിലെത്തിയ ദുര്‍ഗാ തിവാരിയാണ് ചികിത്സ ലഭിക്കാന്‍ വൈകിയതുമൂലം മരണപ്പെട്ടത്. നോര്‍ത്ത് കുവൈറ്റിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍, നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ എന്‍.ബി.ടി.സിയുടെ ലേബര്‍ ക്യാമ്പിലാണ് സംഭവം. ഈദ് ദിനത്തില്‍ നെഞ്ചു വേദന അനുഭവപ്പെട്ട ദുര്‍ഗാ തിവാരിക്ക് ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ തയാറായില്ലത്രേ.

ക്യാമ്പ് മരുഭൂമിയിലോ അംഗങ്ങള്‍ നൂറില്‍ കൂടുതലോ ആണെങ്കില്‍ ഒരു മെയില്‍ നഴ്‌സും ഒരു ആംബുലന്‍സും അവിടെ ഉണ്ടാകണമെന്നാണ് കുവൈറ്റിലെ കര്‍ശനമായ നിയമം. ഇതില്ലാത്തതിനാലാണ് അധികൃതര്‍ ഒഴിഞ്ഞുമാറിയതെന്നാണ് വിവരം. തുടര്‍ന്ന് സഹജീവനക്കാര്‍ പ്രതിഷേധിക്കുകയും പ്രതിഷേധം മരുഭൂമിയിലെ റോഡിലേക്ക് നീളുകയും ചെയ്തു. അതുവഴി വന്ന കുവൈറ്റി പോലീസുകാരന്‍ കുവൈറ്റ് ഓയില്‍ കമ്പനിയെ വിളിച്ചപ്പോള്‍ അവര്‍ ആംബുലന്‍സ് അയച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തിവാരി മറ്റൊരു ലോകത്തേക്ക് യാത്രയായി.

പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

thiwariഗോരത്പൂര്‍: ദുര്‍ഗാ തിവാരി ബീഹാറിലെ ഗോരത്പൂറില്‍ നിന്ന് മൂന്നു മാസം മുമ്പ് കുവൈറ്റിലെ വിവാദ പ്രവാസിയുടെ കമ്പനിയില്‍ ജോലിക്കുപോയത് നിരവധി സ്വപ്‌നങ്ങളുമായിട്ടായിരുന്നു.  വീടുവയ്ക്കണം, രണ്ടു കുട്ടികളെ പഠിപ്പിക്കണം. എന്നാല്‍, എല്ലാം താളം തെറ്റിയത് ഈ മാസം 13നാണ്.

ലോകം മൊത്തം ഈദിന്റെ ഉത്സവ ലഹരിയില്‍ അമര്‍ന്നപ്പോള്‍ ദുര്‍ഗാ തിരാവിക്ക് നെഞ്ചില്‍ ഒരു ചെറിയ വേദന തോന്നി. ക്യാമ്പ് ബോസിനോട് പറഞ്ഞപ്പോള്‍ അയാളത് കാര്യമാക്കിയില്ല. കുവൈറ്റ് ഓയില്‍ കമ്പനിയുടെ കര്‍ശനമായ നിയമം തന്റെ കരാര്‍ കമ്പനി പാലിക്കുന്നില്ലെന്ന് അറിയാവുന്നതിനാലായിരുന്നു ബോസിന്റെ നടപടിയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറയുന്നു.

‘…തൊഴിലാളികളുടെ ജീവനും അന്തസിനും വിലമതിക്കാത്ത മുതലാളിമാര്‍ക്ക് ഇതൊക്കെ ആഡംബരമോ അനാവശ്യ ചെലവുകളോ ആണ്…. ഞങ്ങള്‍ക്ക് നഷ്ടമായത് തിരികെ കിട്ടില്ല…’ ദുര്‍ഗാ തിവാരിയുടെ ഒരു അടുത്ത ബന്ധു പ്രതികരിച്ചു. കരാര്‍ കമ്പനിയുടെ നിയമവിരുദ്ധ, തൊഴിലാളി വിരുദ്ധ, മനുഷ്യത്വരഹിത ചെയ്തികള്‍ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

റോഡ് തടയല്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ ഇതൊരു വലിയ വാര്‍ത്തയായി. ഇതിനെതിരെ ഒന്നും ചെയ്യാതിരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടമയായ വിവാദ വ്യവസായി അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് റോഡ് തടഞ്ഞ 30 തൊഴിലാളികളെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ നടപടി സ്വീകരിച്ചുവത്രേ.

2014ല്‍ ഇതേ ക്യാമ്പില്‍ ആരോഗ്യ പരിരക്ഷ കിട്ടാതെ ഒരു തൊഴിലാളി മരിച്ചപ്പോഴും ഈ ക്യാമ്പിലെ തൊഴിലാളികള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് തൊഴിലാളികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.nbtc-camp

ദുര്‍ഗാ തിവാരിയുടെ നില വഷളാകുന്നതു കണ്ട മറ്റു തൊഴിലാളികള്‍ പ്രക്ഷുബ്ദരായത് ഇതിനാലാണെന്നും അവര്‍ വിശദീകരിക്കുന്നു. നിയമവിരുദ്ധമായി റോഡ് തടഞ്ഞെങ്കില്‍ അത് ശിക്ഷാര്‍ഹവും അപലപനീയവുമാണ്. എന്നാല്‍, ഇത്തരം സംഭവം ഉണ്ടാകാന്‍ കാരണമായ കരാര്‍ കമ്പനിയുടെ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിലെ മലയാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ റിക്രൂട്ടിംഗ് ലൈസന്‍സ് അടക്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചില സംഘടനകള്‍. ഗള്‍ഫ് നാടുകളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും ഗുണം ചെയ്യുന്ന നിയമമാണ് കുവൈറ്റിലേത്. ഈ നിയമങ്ങളെ വളച്ചൊടിച്ച് തൊഴിലാളികളെ പിഴിയുന്ന മുതലാളിമാരെ കണ്ടില്ലെന്ന് നടിക്കുന്നത് ലജ്ജാവഹമാണെന്ന് കുവൈറ്റിലെ മലയാളി സംഘടനകള്‍ പറയുന്നത്.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    INTO GEORGE 1 year ago

    Who is the ‘കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടമയായ വിവാദ വ്യവസായി’?.

  • DISQUS: 0
    error: Content is protected !!