നരേന്ദ്രമോദി ചൈനയിലെത്തി, ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം

സിയാമെന്‍(ചൈന): ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ ഷിയാമെനിൽ തുടക്കം. സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഡോക് ലാം അതിര്‍ത്തിയിൽ സൈന്യത്തെ പിൻവലിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിൽ എത്തിയത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. ഡോക് ലാം വിഷയം ചര്‍ച്ചയായേക്കും. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിനേയും മോദി കാണും. ഉച്ചകോടിയിൽ ചൈനയുടെ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാനിലെ ഭീകരവാദം ഇന്ത്യ ഉന്നയിക്കും. സാമ്പത്തിക സഹകരണം , വ്യാപാരം, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിന് അംഗ രാജ്യങ്ങൾ ധാരണപത്രം ഒപ്പിടും. ഇന്നലെ ഷിയാമെനിൽ ഇന്ത്യൻ സമൂഹം മോദിക്ക് സ്വീകരണം നൽകി.  ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി ചൈന ക്ഷണിച്ചിട്ടുണ്ട്. ചൈനയിലെത്തിയ മോദിയെ ചൈനീസ് വിദേശകാര്യ ഉപമന്ത്രി കോങ് സുവാന്‍യു, ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവൊ സോഹു എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!