സ്റ്റെന്റുകളുടെ വില കേന്ദ്രം 85 % വരെ വെട്ടിക്കുറച്ചു

ഹൃദ്രോഗ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ സ്റ്റെന്റുകളുടെ വില കേന്ദ്രം 85 % വരെ വെട്ടിക്കുറച്ചു. നിലവില്‍ 1,98,000 രൂപവരെ ഈടാക്കിയിരുന്ന ഇവയുടെ വില മുപ്പതിനായിരത്തില്‍ത്താഴെയെത്തും.

മരുന്നുകള്‍ നിറച്ചതും അല്ലാത്തതുമെന്ന നിലയില്‍ രണ്ടുതരം സ്റ്റെന്റുകളാണ് പ്രധാനമായുള്ളത്. സാധാരണ ലോഹ സ്റ്റെന്റുകള്‍ക്ക് ഇനി 7,500 രൂപ നല്‍കിയാല്‍ മതി. മരുന്ന് അടങ്ങിയവയ്ക്കും (ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റ്) ബയോറിസോഴ്‌സബിള്‍ സ്റ്റെന്റുകള്‍ക്കും 30,000 രൂപ. പുതുക്കിയ വില ഇന്നലെ നിലവില്‍ വന്നു. ഇതോടെ സ്വകാര്യ ആശുപത്രികളുടെ പകല്‍ക്കൊള്ളയ്ക്കും അന്ത്യമായി. നിലവില്‍ മരുന്നുള്ള സ്റ്റെന്റിന് ഒന്നര ലക്ഷം വരെയും ശരീരത്തില്‍ അലിഞ്ഞു ചേരുന്ന തരം വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ബയോറിസോഴ്‌സബിള്‍ സ്റ്റെന്റുകള്‍ക്ക് ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയും സാധാരണ ഇനത്തിന് അര ലക്ഷം വരെയുമാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയിരുന്നത്.

ഹൃദയസംബന്ധമായ രോഗങ്ങളുള്ള ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റിയുടെ നടപടി. കഴിഞ്ഞ മാസം 23-ന് കൂടിയ വിലനിയന്ത്രണസമിതി യോഗം വിലനിയന്ത്രണം അനിവാര്യമെന്ന തീരുമാനിച്ചു. തിങ്കളാഴ്ചത്തെ യോഗത്തില്‍ ഉത്തരവിന് അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് ആറു ലക്ഷത്തിലധികം സ്‌റ്റെന്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!