വയറ്റില്‍ കുഞ്ഞുവളരുന്നത് ഈ 10 വയസുകാരിക്ക് അറിയില്ല, നശിപ്പിക്കാന്‍ അനുമതിയില്ല

വയസു 10. മാതൃസഹോദരന്റെ ആവര്‍ത്തിച്ചുള്ള പീഡനത്തിനിരയായ ഈ കുഞ്ഞ് 30 ആഴ്ച പ്രായമുള്ള ഒരു ശിശുവിനെ അവള്‍പോലുമറിയാതെ വയറ്റില്‍ ചുമക്കുന്നു. ഗര്‍ഭചിദ്രത്തിന് ചത്തീസ്ഗഡ് അഡീഷണല്‍ ജില്ലാ കോടതി അനുമതി നിഷേധിച്ചതോടെ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്.

കുഞ്ഞിന്റെ വയറു വീര്‍ത്തുവരുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയും മറ്റു ചില ബന്ധുക്കളുമാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. ഈ മാസം 13ന് ഒരു ബന്ധു ഗര്‍ഭ നിര്‍ണയ കിറ്റ് വീട്ടിലെത്തിച്ച് പരിശോധിച്ചതോടെ സംശയം ബലപ്പെട്ടു. ചത്തീസ്ഗഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടു ജോലിക്കാരിയായ മാതാവ്, മകളെ ആശുപത്രിയിലെത്തിച്ചു. ഉദ്ദേശം 30 ആഴ്ചയോളം വളര്‍ച്ചയെത്തിയ ഒരു ജീവന്‍ പത്തു വയസുകാരിയുടെ വയറ്റിലുണ്ടെന്നറിഞ്ഞതോടെ നേപ്പാള്‍ സ്വദേശികളായ ഈ ദരിദ്ര കുടുംബം പൂര്‍ണ്ണമായും തളര്‍ന്നു. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന മാതൃസഹോദരന്‍ ഭീഷണിപ്പെടുത്തി ആറിലധികം തവണ ഉപദ്രവിച്ചതിന്റെ കഥ കുട്ടി വെളിപ്പെടുത്തി. 14ന് രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഇയാള്‍ ബുറൈല്‍ ജയിലാണ്.

20 ആഴ്ചയിലധികം വളര്‍ച്ചയുള്ള ഭ്രുണം നശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് ചത്തീസ്ഗഡ് കോടതി നിയോഗിച്ച മെഡിക്കല്‍ കമ്മിഷന്റെ നിലപാടും എതിരായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയമായിട്ടുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി പ്രതികൂലമാണെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഒരു അഭിഭാഷകന്‍ വിഷയം സുപ്രീം കോടതിയുടെ മുന്നില്‍ എത്തിച്ചിരിക്കയാണ്.
ഗര്‍ഭചിദ്രത്തിനു ഇനി സാധിക്കില്ല. വളര്‍ച്ചയെത്തുന്നതിനു മുമ്പുള്ള പിറവി മാത്രമാണ് പോംവഴി. ആ സാഹചര്യത്തിലും 10 വയസുകാരിയുടെ ആരോഗ്യസ്ഥിതിയില്‍ ഒരുറപ്പും പറയാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ വലിയിരുത്തല്‍. വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!