ദിലീപിനൊപ്പം അമ്മയില്‍ നേതൃത്വവും പ്രതിക്കൂട്ടില്‍, നിക്കണോ പോണോയെന്ന് യുവനിര, അടിയന്തര എക്‌സിക്യൂട്ടീവ്…

കൊച്ചി: ആക്രമിക്കപ്പെട്ട മകളെയും ആക്രമിച്ച മകനെയും ഒരുപോലെ കണ്ട അമ്മ പൊട്ടിത്തെറിയിലേക്ക്. ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ച് പ്രതികൂട്ടില്‍ നില്‍ക്കുന്ന നേതാക്കള്‍ക്കെതിരെ മുതിര്‍ന്ന അംഗങ്ങളും യുവ നിരയും രംഗത്ത്.

അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് മുതിര്‍ന്ന സിനിമാക്കാരനും സ്ഥാപക അംഗവുമായ ബാലചന്ദ്രമേനോന്‍ ഭാരവാഹികള്‍ക്ക് കത്തയച്ചു. അമ്മ…പലരും പാടുപെട്ടു കെട്ടിപ്പൊക്കിയ ഒരു കൂട്ടായ്മ നില നില്‍ക്കണം….ഒരു വ്യക്തിയോ ഏതാനും പോരോ ചെയ്തുവെന്നു പറയപ്പെടുന്ന ഒരു ഹീനകൃത്യത്തിന്റെ പേരില്‍ അമ്മയെ വിഴുപ്പലക്കുന്ന കല്ലാക്കുകയല്ല വേണ്ടത്. തക്കതായ പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് ബാലചന്ദ്രമേനോന്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യവുമായി ജോയി മാത്യു അടക്കം നിരവധി പ്രമുഖ അംഗങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു. യുവ നടീ നടന്‍മാരും ശക്തമായ നിലപാടിന് ഒരുങ്ങുകയാണ്.

ജനത്തിനു മുന്നില്‍ മുഖം നഷ്ടപ്പെട്ട അമ്മ നേതൃത്വം അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുകയാണ്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുവനടന്മാര്‍ ദിലീപിനെതിരെ നിലപാട് അറിയിച്ചു കഴിഞ്ഞു. നേതൃത്വം വഴങ്ങിയില്ലെങ്കില്‍ പരസ്യമായി സ്വന്തം നിലപാടുകള്‍ അറിയിക്കുമെന്ന മുന്നറിയിപ്പും ഇവരില്‍ പലരും നല്‍കിയിട്ടുണ്ട്. ‘…അമ്മയില്‍ നിന്ന് ഞാനുള്‍പ്പെടുന്നവരുടെ അഭിപ്രായം ഉള്‍പ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം ഞാന്‍ എന്റെ നിലപാട് അറിയിക്കും- യോഗത്തിനെത്തിയ പൃഥ്വിരാജ് വ്യക്തമാക്കി. വനിതാ കൂട്ടായ്മയും നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കുകയാണ്.

ദിലീപിനെ പത്രസമ്മേളനത്തില്‍ അടക്കം ന്യായീകരിച്ച ദേവനും ഗണേഷ്‌കുമാറും നിലപാട് തിരുത്തി. മുകേഷിന്റെ കൊല്ലത്തെ വീടിനു പോലീസ് സുരക്ഷ ശക്തമാക്കി. കണ്ണൂരിലുള്ള നടന്‍ മുകേഷിനെ അടിയന്തരമായി കൊല്ലത്തെത്താന്‍ സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!