കമലെന്ന സംവിധായകന്റെയും മഞ്ജുവെന്ന നായികയുടെയും ജീവിതത്തിലെ നാഴികകല്ലാകുമോ ആമി ?

കമലെന്ന സംവിധായകന്റെയും മഞ്ജുവെന്ന നായികയുടെയും ജീവിതത്തിലെ നാഴികകല്ലാകുമോ ആമി ?

ഒത്തിരി സാഹചര്യങ്ങള്‍ വിലങ്ങുതടിയായി കടന്നുവന്നപ്പോള്‍, അവയ്ക്കുമുന്നില്‍ ആടാതെ പതറാതെ നേരിട്ട കമലാ സുരയ്യയെന്ന സ്ത്രീയെ വരച്ചുകാട്ടാനുള്ള ശ്രമമാണ് ചിത്രത്തില്‍ കാണുന്നത്. നല്ലൊരു സിനിമയ്ക്കുവേണ്ടതെല്ലാം ആമിയിലുണ്ട്. എന്നാല്‍ എഴുത്തിലൂടെ വായനക്കാര്‍ക്ക് അറിയാവുന്ന മാധവിക്കുട്ടിക്കപ്പുറമുള്ള ഒരു കാഴ്ച അതരിപ്പിക്കാന്‍ ആമിക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാകുന്നു. എഴുത്തുകാരിയായ, റിബലും സെന്‍സിറ്റീവുമായ മാധവിക്കുട്ടി മഞ്ജുവില്‍ പൂര്‍ണമായും പ്രകടമാകുന്നുമില്ലെന്നു കൂടി പറയേണ്ടി വരും.

നാലപ്പാട്ടും കൊല്‍ക്കത്തയിലുമായി പൂര്‍ത്തിയാകുന്ന കൗമാരകാലം, വിവാഹിതയായതോടെ ബോംബെയിലേക്ക് പറിച്ചു നടല്‍, ഇക്കാലയളവിലെ പ്രണയങ്ങള്‍, പ്രണയ നഷ്ടങ്ങള്‍, എന്റെ കഥയെന്ന കൃതി സൃഷ്ടിക്കുന്ന ആഘാതങ്ങള്‍… എല്ലാം ഒന്നാം പകുതിയില്‍. രേഖീയമായ ഒരു കഥ പറയാന്‍ ശ്രമിക്കാതെ മാധവിക്കുട്ടിയുടെ ജീവിതത്തിലെ പ്രധാനമുഹൂര്‍ത്തങ്ങള്‍ മാത്രം പറഞ്ഞുപോകുന്ന ഒരു ആഖ്യാന ശൈലിയാണ് കമല്‍ അവലംബിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ആസ്വാദനത്തെ അലോസരപ്പെടുത്തുന്നുണ്ട്. മൂന്നു മണിക്കൂര്‍ ദൈര്‍ഷ്യം അലോസരം അസഹനീയമാക്കും.

മാധവിക്കുട്ടിയില്‍ നിന്ന് കമലാ സുരയ്യയിലേക്കുള്ള ചുവടുമാറ്റം രണ്ടാം പകുതിയുടെ ഹൈലൈറ്റ്. വിവാദമുണ്ടാക്കാവുന്ന രംഗങ്ങളില്‍ സംവിധായകന്‍ പാലിക്കുന്ന സംയമനവും ശ്രദ്ധേയം. ട്രെയിലറില്‍ കണ്ടത്ര ആര്‍ട്ടിഫിഷ്യാലിറ്റി സിനിമയിലെ നായികയില്‍ കാണുന്നില്ല. എന്നാല്‍, കൂടുതല്‍ നന്നാക്കാമായിരുന്ന ചിലതുണ്ടുതാനും.  മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിച്ച പുതിയ താരങ്ങളും ശ്രദ്ധേയമായി. ഭര്‍ത്താവ് മാവധദാസായി വേഷമിട്ട മുരളീഗോപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

കോരിയിട്ട വരികളെക്കാള്‍ ചര്‍ച്ചകളില്‍ നിറഞ്ഞ എഴുത്തുകാരിയുടെ ജീവിതം. അത് വെള്ളിത്തിരയില്‍ എത്തുമെന്ന പ്രഖ്യാപനം മുതല്‍ വിവാദങ്ങളുമായിട്ടാണ് ആമി ഒരോ ഘട്ടത്തിലും മുന്നോട്ടുപോയത്. എല്ലാത്തിനുമൊടുവില്‍ ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ ആസ്വാദകര്‍ക്ക് കാണാന്‍ വായിച്ചറിഞ്ഞിട്ടുളള മാധവിക്കുട്ടിയുടെ ദൃശ്യാവിഷ്‌കാരം. മറ്റുകാര്യങ്ങളില്‍ ചര്‍ച്ച തുടരട്ടെ…


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!