വിജ്ഞാപനം വന്നു, പൗര്‍ണമി ദിനത്തില്‍ നോമിനേഷന്‍ നല്‍കാന്‍ നേതാക്കളുടെ തിരക്ക്

electionsതിരുവനന്തപുരം: ഇന്ന് പൗര്‍ണമി. ഹനുമാന്‍ ജയന്തി കൂടിയാണ്….

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്ന ഇന്ന് തന്നെ നല്ല ദിവസം നോക്കി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തയാറെടുപ്പ് പല പ്രമുഖ നേതാക്കളും പൂര്‍ത്തിയാക്കി.

ഗവണര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ വിജ്ഞാപനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പുന:പ്രസിദ്ധീകരിക്കും. പിന്നാലെ നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങും. വലിയൊരു വിഭാഗം നേതാക്കള്‍ ഇക്കുറി ആദ്യ ദിനത്തില്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

തലസ്ഥാന ജില്ലയില്‍ സ്പീക്കര്‍ എന്‍. ശക്തനും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി. മുരളീധരനും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനും സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കുന്നവരുടെ പട്ടികയിലുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും 29 നു മാത്രമേ പത്രിക നല്‍കൂ.

രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നുവരെ പത്രിക നല്‍കാം. 29 ആണു പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന 30 നു നടക്കും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. അതുകൂടി കഴിഞ്ഞാലേ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ആകുകയുള്ളൂ. വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളെ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ചു.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന ദിവസമായിരുന്ന കഴിഞ്ഞ ചൊവ്വാഴ്ചവരെ 10,39,954 അപേക്ഷകള്‍ ലഭിച്ചു. തിരുവനന്തപുരത്തായിരുന്നു കൂടുതല്‍ അപേക്ഷകള്‍, 1,24,169. കുറവ് വയനാട്ടില്‍, 23,206. ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ച മണ്ഡലം താനൂരാണ്, 15,452. കുറവ് ആലത്തൂരിലായിരുന്നു 3,675.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!