തലസ്ഥാനം എങ്ങനെ ചിന്തിക്കുമെന്ന് ആശയക്കുഴപ്പം…ബി.ജെ.പി നേടുന്ന വോട്ട് നിര്‍ണായകം, പറാശാലയില്‍ സ്വതന്ത്രന്‍ വിധി നിര്‍ണ്ണയിക്കും

downloadതിരുവനന്തപുരം: തലസ്ഥാനം എങ്ങനെ ചിന്തിക്കും. ആശയക്കുഴപ്പം ഒരു പാര്‍ട്ടിക്കല്ല. എല്ലാവര്‍ക്കുമുണ്ട്. കനത്ത ത്രികോണ മത്സരം കാഴ്ച വയ്ക്കുന്ന ബി.ജെ.പിയ്ക്കും ഇടതു വലതു മുന്നണികള്‍ക്കും ആശങ്കയുണ്ട്. എന്തുതന്നെയായാലും തലസ്ഥാനം പിടിച്ച് നിയമസഭയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശക്തമായ തയാറെടുപ്പിലാണ് പാര്‍ട്ടികള്‍.

14 നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരത്തുള്ളത്. അവസാനിച്ച നിയമസഭയിലെ കോണ്‍ഗ്രസ് ആധിപത്യം (9 സിറ്റിംഗ് എം.എല്‍.എമാര്‍) തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം(5 എം.എല്‍.എമാര്‍). ശക്തമായ മത്സരവുമായി ബി.ജെ.പി രംഗതത്തുള്ളതും തിരുവനന്തപുരം ജില്ലയിലാണ്. ഭൂരിപക്ഷ സമുദായ വോട്ടുകളാണ് ജില്ലയില്‍ നിര്‍ണ്ണായകം. നാടാര്‍ വോട്ടും തീരമേഖലയും വിജയത്തില്‍ നിര്‍ണ്ണായകമാണ്. എന്തുതന്നെയായാലും ഇക്കുറി താമര നേടുന്ന വോട്ടുകള്‍ ജില്ലയിലെ സമവാക്യങ്ങളെ മാറ്റിമറിക്കും. ഇതുതന്നെയാണ് കാര്യങ്ങള്‍ പ്രവചനാതീതമാക്കുന്നതും. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളില്‍ ബി.ജെ.പി ശക്തമായ ത്രികോമ മത്സരമാണ് നടത്തുന്നത്.

രാജഗോപാലിന്റെ വ്യക്തി പ്രഭാവത്തില്‍ ശിവന്‍കുട്ടിക്ക് കാലിടറുമോ ?

ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലൂടെ ശ്രദ്ധേയമാകുന്ന മണ്ഡലമാണിത്. സിറ്റിംഗ് എം.എല്‍.എ വി. ശിവന്‍കുട്ടിയെ ബി.ജെ.പിക്കുവേണ്ടി ഒ. രാജഗോപാല്‍ ആവര്‍ത്തിച്ച് നേരിടുമ്പോള്‍ യു.ഡി.എഫിനുവേണ്ടി വി. സുരേന്ദ്രന്‍ പിള്ള കളത്തിലിറങ്ങുന്നത് അപ്രതീക്ഷിതമായിട്ടാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച ലീഡാണ് ഒ. രാജഗോപാലിന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബി.ജെ.പി ഒന്നാമതെത്തിയ ഏക മണ്ഡലവും ഇതാണ്. മണ്ഡലത്തിലെ 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളില 11 എണ്ണത്തിലും ബി.ജെ.പിയാണ് വിജയിച്ചത്.

സീമയ്‌ക്കോ കുമ്മനത്തിനോ മുരളിയെ വീഴ്ത്താനാകുമോ ?

മണ്ഡലം പുനര്‍നിര്‍ണയത്തില്‍ രൂപം കൊണ്ട വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എ കെ. മുരളീധരന്‍ ആത്മവിശ്വാസത്തിലാണ്. സി.പി.എമ്മിന്റെ വനിതാ നേതാവ് ടി.എന്‍. സീമയെയും ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മറികടക്കാനാകുമെന്നാണ് മുരളിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് കണക്കുകളും മണ്ഡലത്തില്‍ നിന്നുള്ള പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന്റെ ചൂടിലേക്ക് അമര്‍ന്നു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ മുന്നിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു നോക്കിയാല്‍ സി.പി.എമ്മിനാണ് മുന്‍തൂക്കം.

തിരുവനന്തപുരത്തിന്റെ അമരത്ത്
രാഷ്ട്രീയക്കാരനോ ക്രിക്കറ്ററോ ?

തിരുവനന്തപുരത്തിന്റെ അമരത്ത് രാഷ്ട്രീയക്കാരനെത്തുമോ ക്രിക്കറ്ററോ ? ചോദ്യത്തിനുത്തരം മണ്ഡലത്തിലെ തീരദേശവാസികളാകും നല്‍കേണ്ടിവരുക. മന്ത്രി വി.എസ്. ശിവകുമാര്‍ വീണ്ടും ജനവിധി തേടുന്ന ഇവിടെ ശ്രീശാന്തും ആന്റണി രാജുവും എത്തിയത് അവസാന റൗണ്ടിലാണ്. തീരദേശ വോട്ടുകളില്‍ കണ്ണുവച്ചുള്ള പ്രവര്‍ത്തനവുമായി ആന്റണി രാജു മുന്നേറുമ്പോള്‍ ശ്രീശാന്തും ഈ മേഖലകളിലേക്ക് ആദ്യ റൗണ്ടിലേക്ക് കടന്നു കയറുകയാണ്.

കഴക്കൂട്ടവും കാട്ടാക്കടയും ശക്തമായ ത്രീകോണ മത്സരത്തിലാണ്. സ്വതന്ത്രനായിപ്പോലും മത്സരിച്ച് കഴക്കൂട്ടത്ത് വിജയിച്ച എം.എ. വാഹീദിനെ തറപറ്റിക്കാന്‍ വി. മുരളീധരനും കടകംപള്ളിയും സജീവമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ മുന്നിലെത്തിയതിന്റെ ആത്മവിശ്വാസം ബി.ജെ.പിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു വാരിക്കൂട്ടിയതിന്റെ ആത്മവിശ്വാസം സി.പി.എമ്മിനുമുണ്ട്.

പറാശാലയില്‍ സ്വതന്ത്രന്‍ വിധി നിര്‍ണ്ണയിക്കും

ബി.ജെ.പി ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളടങ്ങുന്നതാണ് കാട്ടാക്കട. നാടാര്‍ വോട്ടുകളുടെ സ്വാധീനമാണ് ഇവിടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. എന്‍.ശക്തന്റെ പിന്‍ബലവും ഇതാണ്. ഐ.ബി. സതീഷും പി.കെ. കൃഷ്ണദാസുമാണ് ഇവിടെ സി.പി.എം് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല, അരുവിക്കര മണ്ഡലങ്ങള്‍ ഏറെക്കുറെ നിര്‍ണ്ണയിക്കപ്പെട്ട സ്ഥിതിയിലാണ്. എന്നാല്‍, നെടുമങ്ങാട്, വാമനപുരം, കോവളം മണ്ഡങ്ങളില്‍ ബി.ജെ.പി നേടുന്ന വോട്ട് വിജയികളെ നിശ്ചയിക്കും. നെയ്യാറ്റിന്‍കരയില്‍ നാടാര്‍ വോട്ട് നിര്‍ണായകമാണ്. പാറശാലയില്‍ ന്യൂനപക്ഷ സമുദായത്തിലെ സ്വതന്ത്രസ്ഥാനാര്‍തത്ഥിയാകും കാര്യങ്ങള്‍ നിശ്ചയിക്കുകയെന്ന് വ്യക്തം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!