പതിവു തെറ്റിച്ചില്ല, യു.ഡി.എഫിൽ അടി ഗംഭീരം

സ്ഥാനാർത്ഥി നിർണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം: പതിവു തെറ്റിച്ചില്ല. ഒരു ഭാഗത്ത് ഘടകക്ഷികളുടെ തമ്മിൽ തല്ല്. അതുപരിഹരിച്ചിടങ്ങളിൽ പാർട്ടികൾക്കുള്ളിലെ പടലപ്പുറപ്പാട്. നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കുമ്പോഴും യു.ഡി.എഫിൽ പൊട്ടിത്തെറിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തുന്നതേയുള്ളൂ.

സ്ഥാനാർത്ഥി നിർണയത്തിനു സംസ്ഥാന ഘടകം നൽകിയ നിർദേശങ്ങൾ വായിച്ചുനോക്കാൻ പോലും പ്രാദേശിക നേതൃത്വങ്ങൾ തയാറായ മട്ട് യു.ഡി.എഫിൽ കാണുന്നില്ല. എല്ലാ സ്ഥലങ്ങളിലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണത്രെ വീതം വയ്‌പ്പൊക്കെ. മലബാറിന്റെ പല മേഖലകളിലും മുന്നണി സമവാക്യങ്ങളെല്ലാം മാറ്റി വച്ച് ഏറ്റുമുട്ടാൻ പാർട്ടികൾ രംഗത്തിറങ്ങി കഴിഞ്ഞു. ഒറ്റകെട്ടാണെന്ന് പറഞ്ഞ നേതാക്കൾ പുതിയ മുദ്രാവാക്യങ്ങൾ കണ്ടെത്തുന്ന തിരക്കിലാണ്.

തങ്ങൾക്കനുകൂലമായി വിട്ടുവീഴ്ചകൾ ഉണ്ടാകാത്തതിൽ ആർ.എസ്.പി, ജെ.ഡി(യു) കക്ഷികൾ പ്രതിഷേധത്തിലാണ്്. തിരുവനന്തപുരം ജില്ലയിൽ ഇരുകൂട്ടരും കടുത്ത നിലപാടിലാണ്. കൊല്ലത്ത് ആർ.എസ്.പിയുടെ പരാതികൾ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ലീഗും കേരളാ കോൺഗ്രസ് എമ്മും വാളെടുത്തു നിൽപ്പാണ്. കോട്ടയത്ത് സൗഹൃദ മത്സരങ്ങൾക്കുള്ള തയാറെടുപ്പ് തുടങ്ങി. കണ്ണൂരിലെ പുതിയ കോർപ്പറേഷനിലും ലീഗും ജെ.ഡി.യുവും വീട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല.

മുന്നണി പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുവേണം ഇവിടങ്ങളിൽ കോൺഗ്രസുകാർക്ക് തമ്മിലടി തുടങ്ങാൻ. പല സ്ഥലങ്ങളിലും രൂക്ഷമായ അഭിപ്രായ ഭിന്നത പതിവുപോലെ കാലുവാരലിലേക്ക് നീങ്ങുമെന്നാണ് നേതാക്കളുടെ ആശങ്ക. പോഷക സംഘടനകളുടെ സമ്മർദ്ദം മറ്റൊരു വഴിക്ക്. യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവനയും രാജിയുമൊക്കെയായി രംഗത്തെത്തി തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!