എസ്.എൻ.ഡി.പി രണ്ടും കൽപ്പിച്ച്, ജെ.എസ്.എസ് തനിച്ചായി, കോൺഗ്രസിന് പാളയത്തിൽ പട, ഒപ്പം കൂടിയവർക്ക് താമര ചിഹ്നം നൽകി ബി.ജെ.പി

എസ്.എൻ.ഡി.പി രണ്ടും കൽപ്പിച്ച്, ജെ.എസ്.എസ് തനിച്ചായി, കോൺഗ്രസിന് പാളയത്തിൽ പട, ഒപ്പം കൂടിയവർക്ക് താമര ചിഹ്നം നൽകി ബി.ജെ.പി

നിങ്ങൾ ആർക്കൊപ്പം ?

Kerala-Panchayat-Electionsതിരുവനന്തപുരം: എസ്.എൻ.ഡി.പിക്ക് ജയിക്കാനായില്ലെങ്കിലും സി.പി.എമ്മിനു വോട്ടു നൽകില്ല, ആർക്കും വേണ്ടാതായ ജെ.എസ്.എസുകാർ ഒറ്റയ്ക്കു മത്സരിക്കും, വല്ല്യേട്ടന്മാർക്കേ തികയാത്ത സീറ്റിനുവേണ്ടി ഇരു മുന്നണികളിലും ചെറുകക്ഷികൾ നെട്ടോട്ടം, പാളയത്തിലെ പട തീർത്ത് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടല്ലേ തന്ത്രം മെനയാൻ…

തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടിയുടെ കൊടിക്കും ചിഹ്നത്തിനുമെല്ലാം ഉപരി സ്ഥാനാർത്ഥിക്ക് പ്രസക്തിയുണ്ടായിരുന്നു. ഇപ്പോഴത് പൂർണ്ണമായി ഇല്ലാതായെന്നല്ല പറയുന്നത്. മറിച്ച് സാഹചര്യങ്ങൾ മാറുന്നു. നാമനിർദേശപത്രിക സമർപ്പിക്കാൻ ഇനി 48 മണിക്കൂർ കഷ്ടി. സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയെന്ന് അവകാശപ്പെടാൻ ഒരു പാർട്ടിക്കും കഴിയില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം മാത്രമല്ല, മാറിയ രാഷ്ട്രീയ സാഹചര്യമാണ് ഇതിന് പ്രധാന കാരണം.

എസ്.എൻ.ഡി.പിയെയും മറ്റു മുന്നോക്ക സാമുദായിക സംഘടനകളെയും കുട്ടുപിടിച്ച് സംഘപരിവാർ തങ്ങൾ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യം അറിയിക്കൻ ഇറങ്ങിക്കഴിഞ്ഞു. ചോരുന്നത് തങ്ങളുടെ കാലിനടിയിലെ മണ്ണല്ലെന്ന് സി.പി.എമ്മിന് സമൂഹത്തോടെങ്കിലും പറയണം. ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും കുറുക്കന്റെ കൗശലത്തോടെ നേട്ടം കൊയ്യണം. പ്രമുഖരെ അടക്കം ഇറക്കി വാശിയോടെ പടവെട്ടുമ്പോൾ ചെറുകകക്ഷികൾക്ക് നിലനിൽപ്പു സമരം തുടങ്ങേണ്ടി വരും.

വർഷങ്ങളായി പിന്തുടരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെള്ളാപ്പള്ളിയെ ചെറുതായിട്ടെങ്കിലും ഉലച്ചത് ഇപ്പോഴാണ്. മുന്നോട്ടുവച്ച കാലൽ പിന്നോട്ടിലെന്ന് പറഞ്ഞാൽ പോരെ വെള്ളാപ്പളളിക്ക്. തെളിയിക്കണം. സി.പി.എമ്മിന് ഒരു എസ്.എൻ.ഡി.പി വോട്ടും കിട്ടാരുതെന്നത് വെള്ളാപ്പള്ളിയുടെ വാശിയാണ്. സമുദായ സ്ഥാനാർത്ഥികൾ ജയിക്കണം. ഇടതു ആഭിമുഖ്യമുള്ള കുടുംബങ്ങളിൽ പ്രത്യേക കാമ്പയിൻ നടത്താൻ നേതാക്കളെയും അദ്ദേഹം നിയോഗിച്ചു.

ഇതിനിടെ, വിവാദങ്ങൾക്ക് പിന്തുണ നൽകിയ ബി.ജെ.പി കഴിയുന്നിടത്തോളം സാമുദായിക സംഘടനാ പ്രതിനിധികളുടെ മത്സരം താമര ചിഹ്നത്തിലാക്കിച്ചു. കൊച്ചിയിലും കൊല്ലത്തും തുടങ്ങി മിക്ക സ്ഥലങ്ങളിലും ഇത് പ്രകടമായി. തങ്ങളെ അനുകൂലിക്കുന്ന കെ.പി.എം.എസ്് വിഭാഗത്തിനും മറ്റുള്ളവർക്കും ചോദിച്ചത്ര സീറ്റുകൾ ബി.ജെ.പി നൽകിയിട്ടുണ്ട്. താമരയിൽ തന്നെ മത്സരിപ്പിക്കാൻ ബി.ജെ.പി കാണിക്കുന്ന അവസാന റൗണ്ടിലെ പിടിവാശി പല സ്ഥലങ്ങളിലും തർക്കമായി മാറിയിട്ടുണ്ട്.

കാരായിമാരെ രംഗത്തിറിക്കി വെല്ലുവിളിച്ചും മറുകണ്ടം ചാടി വരുന്നവരെ ഒപ്പം കൂട്ടിയും എന്തിനും തയാറായിട്ടാണ് ഇടതു ക്യാമ്പ്. കഴിഞ്ഞ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന ജനതാദൾ യു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുജീബ് റഹ്മാൻ ഇക്കുറി കമലേശ്വരത്ത് സി.പി.എം സ്ഥാനാർത്ഥി. അഭിമാന പോരട്ടത്തിന്റെ ബാറ്റൺ പല സ്ഥലങ്ങളിലും പാർട്ടിയിലെ പ്രമുഖരെ തന്നെ ഏൽപ്പിച്ചു.

ബലപരീക്ഷണത്തിനിടയിൽ ഇല്ലാതായിപ്പോകാതിരിക്കാനുളള നെട്ടോട്ടത്തിലാണ് ചെറുകക്ഷികൾ. പലർക്കും കിട്ടിയത് പേരിനുവേണ്ടി സീറ്റാണ്. അമർഷം ഏപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിയാകാം. രണ്ടായി തിരിഞ്ഞ് രണ്ടിടത്ത് നിന്ന ജെ.എസ്.എസ്. ഇപ്പോൾ ഒരിടത്തുമില്ല. സി.പി.എമ്മിൽ ലയിക്കാനൊരുങ്ങിയ ഗൗരിയമ്മയ്ക്കും കൂട്ടർക്കും എൽ.ഡി.എഫോ രാജൻബാബുവിനും കൂട്ടർക്കും യു.ഡി.എഫോ പരിഗണന നൽകിയില്ല. സ്വന്തം തട്ടകമെന്ന് അവകാശപ്പെടുന്ന ആലപ്പുഴയിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇരു കൂട്ടരും.

പാളയത്തിലെ പട തീർക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസിലെ നേതാക്കൻമാർ. നിർദേശങ്ങൾ പാലിക്കാത്ത കീഴ്ഘടകങ്ങളെ നിലയ്ക്കു നിർത്താനാകുന്നുമില്ല, യൂത്ത് കോൺഗ്രസുകൾ ഷർട്ടൂരി റോഡിലിറങ്ങുകയും ചെയ്യുന്നു. സൂര്യൻ അസ്തമിക്കുന്നതിനു മുമ്പായി തീരുമാനമുണ്ടാക്കിയില്ലെങ്കിൽ നാമനിർദേശപത്രിക വാങ്ങാൻ ആളുണ്ടാകില്ലെന്ന സ്ഥിതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!