സ്വാശ്രയ സ്ഥാപനങ്ങളിലെ അരാജക പ്രവണതകള്‍ പഠിക്കാന്‍ രണ്ട് സമിതികള്‍

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളിലെ അരാജക പ്രവണതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് സമിതികള്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചു. എല്ലാ കോളജുകളിലും അധ്യാപക- രക്ഷാകര്‍തൃ സമിതിയും വിദ്യാര്‍ത്ഥി യൂണിയനും നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചു.

ഇന്റേണല്‍ അസെസ്മെന്റിന്റെ മറവില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി പീഡനത്തിന് അറുതിവരുത്താന്‍ നാല് വൈസ് ചാന്‍സലര്‍മാരടങ്ങുന്ന സമിതിയും സ്വാശ്രയ കോളേജുകളിലെ മറ്റ് പൊതുപ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മറ്റൊരു സമിതിയുമാണ് രൂപീകരിക്കുക.

എംജി സര്‍വകലാശാല വിസി ഡോ. ബാബു സെബാസ്റ്റ്യന്‍ കണ്‍വീനറായുള്ള ആദ്യ സമിതിയില്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചെറിയ പി ഐസക്, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍, കലിക്കറ്റ് സര്‍വകലാശാല വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ എന്നിവരാണ് അംഗങ്ങള്‍.

സ്വാശ്രയ രംഗത്തെ അരാജക പ്രവണതകള്‍ നിയന്ത്രിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് രണ്ടാമത്തെ സമിതി. ഈ സമിതി രൂപീകരിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. കൂടുതല്‍ ശാസ്ത്രീയമായ രീതിയിലേക്ക് ഇന്റേണല്‍ അസെസ്മെന്റ് എങ്ങനെ മാറ്റാമെന്ന് സമിതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!