പോളിടെക്‌നിക്: ആദ്യ അലോട്ട്‌മെന്റ് പ്രവേശനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനം  വെള്ളിയാഴ്ച അഞ്ച് മണിക്ക്  അവസാനിക്കും. ഒന്നാമത്തെ ഓപ്ഷന്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കും, അലോട്ട്‌മെന്റില്‍ മാറ്റം വേണ്ടാത്തവര്‍ക്കും കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും പ്രവേശനം നേടാം. അവര്‍ക്ക് ബ്രാഞ്ചുമാറ്റമോ സ്ഥാപനമാറ്റമോ പിന്നീട് ലഭ്യമല്ല.
കിട്ടിയ ബ്രാഞ്ച് വേണ്ടെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം അതേപടിയോ മാറ്റം വരുത്തിയോ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ്  പോളിടെക്‌നിക് മുഖേന രജിസ്റ്റര്‍ ചെയ്യാം. ലഭിച്ച ബ്രാഞ്ച് നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ഉയര്‍ന്ന ഓപ്ഷന്‍ ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ്  പോളിടെക്‌നിക് മുഖേന രജിസ്റ്റര്‍ ചെയ്യാം.  സ്വാശ്രയ പോളിടെക്‌നിക് കോളേജുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമല്ല.
അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ തിരുത്തുന്നതിനുവേണ്ടി അപേക്ഷകള്‍ കളമശ്ശേരിയിലെ സ്റ്റേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ആന്റ് റിസര്‍ച്ചില്‍ ജൂലൈ 22ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് നേരിട്ട് എത്തിക്കുകയോ [email protected]  എന്ന ഇമെയില്‍ വിലാസത്തില്‍ സ്‌കാന്‍ ചെയ്ത് അയക്കുകയോ ചെയ്യണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്ത പോളിടെക്‌നിക്കുകളില്‍ വെരിഫിക്കേഷന്‍ ഓഫീസറുടെ വിശദീകരണത്തോടും, പ്രിന്‍സിപ്പാളിന്റെ ആമുഖ കത്തോടുകൂടിയുമാണ് അപേക്ഷിക്കേണ്ടത്.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!