മെഡിക്കല്‍ കോളേജിലെ 18 എംബിബിഎസ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

മെഡിക്കല്‍ കോളേജിലെ 18 എംബിബിഎസ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

trivandrum medical collegeതിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 18 എംബിബിഎസ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ 10 വിദ്യാര്‍ത്ഥിനികളുമുണ്ട്. 2012, 2013, 2014 ബാച്ചിലെ വിദ്യാര്‍ത്ഥികളാണിവര്‍. കോളേജിന്റെ അച്ചടക്കത്തിന് ഭംഗം വരുത്തും വിധം ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികളേയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2012 ബാച്ചിലെ 9 വിദ്യാര്‍ത്ഥികളേയും 2013 ബാച്ചിലെ 4 വിദ്യാര്‍ത്ഥികളേയും 2014 ബാച്ചിലെ 5 വിദ്യാര്‍ത്ഥികളേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്നു വന്ന ആര്‍ട്‌സ് ഫെസ്റ്റിവലിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ മുപ്പതാം തീയതി ആട്‌സ് ഫെസ്റ്റിവലിന്റെ അന്തിമ ദിനത്തില്‍ റിസള്‍ട്ട് പ്രഖ്യാപിച്ചതോടൊപ്പം പ്രശ്‌നങ്ങള്‍ ഉണ്ടായിത്തുടങ്ങി. അവിടെ വച്ച് പ്രശ്‌നങ്ങളൊന്നും കാര്യമായിട്ട് ഉണ്ടായില്ലെങ്കിലും പിന്നീട് ഹോസ്റ്റലില്‍ വച്ച് സംഘര്‍ഷമുണ്ടായി.

പ്രശനം നടക്കുന്നത് 2012, 2014 ബാച്ചുകള്‍ തമ്മിലാണ്. ഫേസ് ബുക്കിലെ ഒരു പോസ്റ്റിനെ തുടര്‍ന്ന് 2012 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ മുറിയില്‍ കയറി 2014 ബാച്ചിലെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. ഫേസ് ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ അടിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജിലെത്തി. ക്ലാസിലിരിക്കുന്നവരെ ഇറക്കി അടിക്കാന്‍ അവര്‍ ശ്രമിച്ചു. അപ്പോഴാണ് രണ്ട് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് കോളേജിലെത്തി പോലീസ് അവരെ അറസ്റ്റ് ചെയ്തത്.
ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ച് പോലീസ് സ്റ്റേഷനിലെത്തി. ഉടന്‍തന്നെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സ്റ്റാഫ് അഡൈ്വസറും മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡനും പോലീസ് സ്റ്റേഷനില്‍ പോയി ചര്‍ച്ച നടത്തി. ക്രിമിനില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും ചര്‍ച്ചകളെത്തുടര്‍ന്ന് ഇനി പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന ധാരണയെത്തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പായി.

എന്നാല്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് പറഞ്ഞ് പിരിഞ്ഞ വിദ്യാര്‍ത്ഥികള്‍ വീണ്ടും മദ്യപിച്ച് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.
വിദ്യാര്‍ത്ഥിനികളും ഈ വഴക്കില്‍ പങ്കാളികളായി. ഹോസ്റ്റല്‍ ഹാളില്‍ വച്ച് 2014 ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍ ഒത്തു കൂടുകയും ബഹളം വയ്ക്കുകയും ചെയ്തു. ബഹളം ശക്തമായതോടെ പോലീസിനെ വിവരം അറിയിച്ചിരുന്നു. സി.ഐ. നേരിട്ട് ഹോസ്റ്റലിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും വിദ്യാര്‍ത്ഥിനികള്‍ ബഹളം തുടര്‍ന്നു. അവസാനം വളരെ ശ്രമപ്പെട്ടാണ് അവരെ ശാന്തരാക്കിയത്. തുടര്‍ന്ന് അടിയന്തിരമായി വിളിച്ചുകൂട്ടിയ കോളേജ് മാനേജുമെന്റ് കമ്മറ്റിയാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി അന്വേഷണ കമ്മീഷനെ നിയമിച്ചത്. വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെട്ട എട്ടംഗസംഘം 2012, 13, 14 ബാച്ചിലെ 18 വിദ്യാര്‍ത്ഥികള്‍ ഗുരുതര കുറ്റം ചെയ്തതായി കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതോടെയാണ് 18 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!