ഇടിമിന്നലായി രാഹുല്‍, പിന്നാലെ പാഞ്ഞ് നരെയ്ന്‍

0

കൊല്‍ക്കത്ത/മൊഹാലി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ പഞ്ചാബിന്റെ കെ എല്‍ രാഹുലിന്റെ മിന്നുന്ന പ്രകടനം. 14 പന്തില്‍ 50 തികച്ച് ഐ.പി.എല്ലിലെ അതിവേഗ അര്‍ധസെഞ്ചുറി രാഹുല്‍ സ്വന്തം പേരിലാക്കി. പിന്നാലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നും രംഗത്തെത്തി. ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 17 പന്തിലായിരുന്നു അര്‍ധസെഞ്ചുറി തികച്ചത്. നാലു ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു നരെയ്‌നിന്റെ ഇന്നിംഗ്‌സ്. കഴിഞ്ഞ സീസണില്‍ ബംഗലൂരുവിനെതിരെ 17 പന്തില്‍ 54 റണ്‍സടിച്ച നരെയ്ന്‍ അതിന്റെ തനിയാവര്‍ത്തനമാണ് കൊല്‍ക്കത്തയിലും പുറത്തെടുത്തത്.

16 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായ രാഹുല്‍ ആറ് ഫോറും നാല് സിക്‌സറുമാണ് അടിച്ചു കൂട്ടിയത്. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്കായി 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ യൂസഫ് പത്താന്റെയും 15 പന്തില്‍ കൊല്‍ക്കത്തക്കായി അര്‍ധസെഞ്ചുറി നേടിയിട്ടുള്ള സുനില്‍ നരെയ്‌ന്റെയും റെക്കോര്‍ഡാണ് രാഹുല്‍ തിരുത്തിയത്. 16 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയും 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആദം ഗില്‍ക്രിസ്റ്റുമാണ് അതിവേഗ അര്‍ധസെഞ്ചുറിക്കാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തുള്ളവര്‍.

കെഎല്‍ രാഹുലിന്റെയും മലയാളി താരം കരുണ്‍ നായരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിജയിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിന നാലു വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ പതിനൊന്നാം സീസണില്‍ വിജയത്തോടെ തുടങ്ങി. ബംഗലൂരു ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത ഏഴു പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here