ഇന്ത്യന്‍ ഒളിമ്പിക്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മലയാളി താരം ഒപി ജയ്ഷ

റിയോയിലെ ഇന്ത്യന്‍ ഒളിമ്പിക്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മലയാളി താരം ഒപി ജയ്ഷ. മാരത്തോണ്‍ മത്സരത്തിനിടെ തനിക്ക് മതിയായ സൗകര്യങ്ങള്‍ ചെയ്തുതരുന്നതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയതായാണ് ആരോപണം. മത്സരത്തിനിടെ തനിക്ക് ആവശ്യത്തിന് വെള്ളം പോലും ലഭിച്ചില്ലെന്ന് താരം പറയുന്നു.

മറ്റു രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെള്ളവും ഗ്ലൂക്കോസും തേനും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ആരെയും കാണാന്‍ കഴിഞ്ഞില്ലെന്ന് ജയ്ഷ മാധ്യമങ്ങളോട് പറഞ്ഞു. “42 കിലോമീറ്റർ ഓട്ടത്തിനിടെ ഓരോ രണ്ട് കിലോമീറ്ററിലും എല്ലാ രാജ്യങ്ങൾക്കും അവരുടെ താരങ്ങൾക്ക് വെള്ളവും ഭക്ഷണവും നൽകുന്നതിനായി സ്‌റ്റാളുകളുണ്ട്. എന്നാൽ ഇന്ത്യയുടെ സ്‌റ്റാൾ ശൂന്യമായിരുന്നു. എട്ട് കിലോമീറ്റർ കൂടുമ്പോൾ ഉള്ള റിയോ സംഘാടകരുടെ സ്‌റ്റാളുകളിൽ നിന്നായിരുന്നു ഞങ്ങൾക്ക് ‌വെള്ളവും മറ്റും ലഭിച്ചിരുന്നത്”. – ജെയ്‌ഷ ‌പറയുന്നു.

ഫിനിഷിംഗ് പോയിന്റില്‍ തളര്‍ന്നുവീണ തനിക്ക് 2-3 മണിക്കൂര്‍ സമയത്തേക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് താരം പറയുന്നു. ഏഴ് ബോട്ടില്‍ ഗ്ലുക്കോസ് കുത്തിവച്ചതിന് ശേഷമാണ് ജയ്ഷക്ക് ബോധം തിരിച്ചുകിട്ടിയത്. എന്നാല്‍ ഈ സമയത്ത് ഒറ്റ ഇന്ത്യന്‍ ഡോക്ടര്‍ന്മാരെ ആ പരിസരത്ത് കാണാന്‍ കഴിഞ്ഞില്ലെന്നും ജയ്ഷ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!