ആര് മുത്തമിടും, മണിക്കൂറുകള്‍ മാത്രം ബാക്കി

കൊച്ചി : കൊച്ചി ആദ്യമായി ആതിഥ്യം വഹിക്കുന്ന ഐ.എസ്.എല്‍ ഫൈനല്‍ പോരാട്ടം ഇന്ന്. ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സും ആദ്യ സീസണിലെ ചാംപ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആവേശത്തിന്റെ മഞ്ഞക്കടലായി മാറും.

ആറ് തുടര്‍ജയങ്ങളുമായാണ് കൊച്ചിയില്‍ ബ്ളാസ്റ്റേഴ്സ് പടയോട്ടം നടത്തിയത്. ബ്ളാസ്റ്റേഴ്സിന്റെ പെരുങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയത് കൊല്‍ക്കത്ത മാത്രമായിരുന്നു. സീസണിന്റെ തുടക്കത്തില്‍ ഹാവി ലാറ നേടിയ ഗോളില്‍ കൊല്‍ക്കത്ത ബ്ളാസ്റ്റേഴ്സിനെ തോല്‍പ്പിച്ചു. ശേഷം ബ്ളാസ്റ്റേഴ്സ് ഇവിടെ തോറ്റിട്ടില്ല. ഇതുവരെ ആകെ നാല് ഗോള്‍ മാത്രമാണ് ബ്ളാസ്റ്റേഴ്സ് ഇവിടെ വഴങ്ങിയത്. കോച്ച് സ്റ്റീവ് കൊപ്പലിന്റെ തന്ത്രങ്ങളില്‍പിടിച്ച് ബ്ളാസ്റ്റേഴ്സ് ചിറകടിച്ചുയരുകയായിരുന്നു.

കൊല്‍ക്കത്ത ഈ സീസണില്‍ ആകെ തോറ്റത് രണ്ട് മത്സരങ്ങള്‍. അടിക്കാനും തടുക്കാനും അറിയുന്ന ഒന്നാന്തരം കളിക്കാര്‍. ഒപ്പം ഹൊസെ മൊളീനയെന്ന സ്പാനിഷുകാരന്‍ കോച്ചിന്റെ മൂര്‍ച്ചയേറിയ തന്ത്രങ്ങളും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രിന് ഏഴിന് ഫൈനല്‍പോരാട്ടത്തിന് തിരിതെളിയും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കേരള ബ്ളാസ്റ്റേഴ്സ്-അത്ലറ്റികോ ഡി കല്‍ക്കത്ത ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ അമിതവിലയക്ക് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ മൂന്നുപേരെ  പൊലീസ് അറസ്റ്റ്ചെയ്തു. പാലക്കാട് സ്വദേശി മുസ്തഫ(19), എറണാകുളം കങ്ങരപ്പടി സ്വദേശി ഗ്ളാഡിന്‍ വര്‍ഗീസ് (22),കൊല്ലം നീണ്ടകര സ്വദേശി പ്രവീണ്‍ (21) എന്നിവരെയാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് പാലാരിവട്ടം പൊലീസ് പിടികൂടിയത്. 300 രൂപയുടെ ടിക്കറ്റ് 1300 രൂപയ്ക്കാണ് ഇവര്‍ വിറ്റത്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്. ഞായറാഴ്ച കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന്റെ ടിക്കറ്റുകള്‍ വ്യാഴാഴ്ച വൈകിട്ടോടെ മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!