ജയരാജനെതിരേ അഞ്‌ജുബോബിജോര്‍ജ്‌ജ്; ഇ.പിയെ പിന്തുണച്ച് പിണറായി

തിരുവനന്തപുരം: അകാരണമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി ആരോപിച്ച്‌ കായികമന്ത്രി ഇ പി ജയരാജനെതിരേ മുന്‍ കായികതാരവും സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷയുമായ അഞ്‌ജു ബോബിജോര്‍ജ്‌ജ് രംഗത്ത്‌. ഓഫീസില്‍ കാണാനെത്തിയപ്പോള്‍ തങ്ങളെ അഴിമതിക്കാരെന്നും പാര്‍ട്ടി വിരുദ്ധരെന്നും വിളിച്ചതായും വിമാനടിക്കറ്റിനുള്ള പണം എഴുതിയെടുക്കുന്നതിനെ മന്ത്രി ചോദ്യം ചെയ്‌തെന്നും അഞ്‌ജു പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഒളിമ്പിക്‌സ് സംബന്ധമായ ചുമതലകളും ബംഗലുരുവിലെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും ഉള്ളതിനാല്‍ തന്റെ ആവശ്യപ്രകാരം കഴിഞ്ഞ സര്‍ക്കാരാണ്‌ വിമാനടിക്കറ്റിനുള്ള പണം അനുവദിച്ചത്‌. ഇപ്പോഴത്തെ മന്ത്രിയുടെ തീരുമാനം നോക്കിയാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. ഇതിന്‌ പുറമേ ആരോഗ്യ പ്രശ്‌നമുള്ള ഒരു പരിശീലകന്റെ പത്തനംതിട്ടയിലേക്കുള്ള സ്‌ഥലം മാറ്റം സംബന്ധിച്ചകാര്യത്തിലും മന്ത്രി തട്ടിക്കയറി. അത്‌ അനുവദിച്ച ഫയലില്‍ എല്ലാ സ്‌ഥലംമാറ്റവും റദ്ദാക്കാനാണ്‌ മന്ത്രി പറഞ്ഞത്‌. ഇത്‌ സംസ്‌ഥാനത്തെ കുട്ടികളുടെ പരിശീലനത്തെ സാരമായി ബാധിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്‌തിട്ടില്ല. അവാര്‍ഡിനോ സ്‌ഥാനമാനങ്ങള്‍ക്കോ ആരുടേയും പിന്നാലെ ഇതുവരെ പോയിട്ടില്ലെന്നും സംഭവം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം മനസ്സിലാക്കുമെന്നാണ്‌ കരുതുന്നതെന്നും അഞ്‌ജു പറഞ്ഞിരുന്നു.

കായിക മന്ത്രി ഇപി ജയരാജന്‍ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ജുവിന്റെ വിമാന യാത്രയെക്കുറിച്ച് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. അതു ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി അവരോട് ചോദിച്ചതെന്നും പിണറായി പറഞ്ഞു. അഞ്ജു തന്നെ വന്നുകണ്ടിരുന്നു. അവരെ രാഷ്ട്രീയത്തിന്റെ ആളായി കണ്ടിട്ടില്ലെന്ന് താന്‍ പറഞ്ഞതായും പിണറായി പറഞ്ഞു.

അഞ്‌ജുബോബി ജോര്‍ജ്‌ജിനോട്‌ മോശമായി പെരുമാറിയെന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്ന്‌ കായികമന്ത്രി ഇ പി ജയരാജന്‍. തന്റെ ഓഫീസില്‍ എത്തിയ അഞ്‌ജുവിനോട്‌ സൗഹാര്‍ദ്ദപരമായിട്ടാണ്‌ പെരുമാറിയതെന്നും ചിരിച്ചുകൊണ്ടാണ്‌ അഞ്‌ജു പോയതെന്നും ജയരാജന്‍ വിശദീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!