38 വർഷത്തിനുശേഷം പെലെ കൊൽക്കത്തയിൽ; നാളെ കേരള- കൊൽക്കത്ത മത്സരം കാണും

കൊൽക്കത്ത: കൊൽക്കത്തയിലെത്തിയ ബ്രസീലിന്റെ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ സാന്നിദ്ധ്യത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്- കൊൽക്കത്ത മത്സരം നാളെ അരങ്ങേറും.

38 വർഷത്തിനു ശേഷമാണു പെലെ കൊൽക്കത്തയിലെത്തിയത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ പെലെയെ സ്വീകരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരങ്ങളെത്തി. മുൻ ഇന്ത്യൻ താരങ്ങളായ ചുനി ഗോസ്വാമി, ദീപേന്ദു ബിശ്വാസ് എന്നിവരാണു പെലെയെ സ്വീകരിച്ചു താജ് ബംഗാൾ ഹോട്ടലിലേക്കു കൊണ്ടുപോയത്. ദുബായിൽ ഒരു രാത്രി ചെലവഴിച്ച ശേഷമാണു പെലെ കൊൽക്കത്തയിലേക്കു വിമാനം കയറിയത്. ഇന്നലെ പെലെയ്ക്കു കാര്യമായ പരിപാടികളുണ്ടായിരുന്നില്ല.

ഇതിഹാസ താരം ഇന്ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കു വേണ്ടി പത്രസമ്മേളനം നടത്തും. ഉച്ച കഴിഞ്ഞു കൊൽക്കത്തയിലെ എൻ.എസ്.എച്ച്.എം. കോളജ് വിദ്യാർഥികളുമായി സംവദിക്കും. വൈകിട്ട് നേതാജി ഇൻഡോർ സ്‌റ്റേഡിയത്തിൽ പെലെ മോഹൻ ബഗാൻ ക്ലബിന്റെ പഴയ താരങ്ങളുമായി കൂടിക്കാഴ്ച നടത്തും. 1977 ൽ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പെലെ ആദ്യമായി ഇവിടെയെത്തിയത്. മോഹൻ ബഗാനും പെലെയുടെ കോസ്‌മോസും തമ്മിലായിരുന്നു മത്സരം. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലി, സംഗീതഞ്ജൻ എ.ആർ. റഹ്മാൻ എന്നിവർ പങ്കെടുക്കുമെന്നാണു സൂചന. സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ വീഡിയോ കോൺഫെറൻസിലൂടെ സാന്നിധ്യമറിയിക്കും.

ബഗാന്റെ ദുർഗാ പൂജാ ആഘോഷങ്ങളുടെ ഉദ്ഘാടനവും പെലെ നടത്തുമെന്നാണു വിവരം. ചൊവ്വാഴ്ച രാവിലെ അദ്ദേഹം അത്‌ലറ്റിക്കോ ഡി കൊൽക്കത്ത താരങ്ങളെ കാണും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!