ദക്ഷിണേഷ്യന്‍ കായിക പോരാട്ടത്തിന് ഇന്ന് കൊടിയിറങ്ങും.

ഗുവാഹത്തി: 12 ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് ഇന്നു കൊടിയിറക്കം നടക്കാനിരിക്കേ മെഡല്‍ വേട്ടയില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യമാണ് ഒരിക്കല്‍ കൂടി പുലര്‍ത്തിയത്.

181 സ്വര്‍ണവും 87 വെള്ളിയും 30 വെങ്കലവും അടക്കം 298 മെഡലുകളാണ് ഗുവാഹത്തി, ഷില്ലോങ് വേദികളിലെ ഇന്ത്യന്‍ സമ്പാദ്യം. 25 സ്വര്‍ണവും 60 വെള്ളിയും 96 വെങ്കലവും ഉള്‍പ്പടെ 181 മെഡലുകളുമായി ശ്രീലങ്ക രണ്ടാമതും 10 സ്വര്‍ണവും 35 വെള്ളിയും 55 വെങ്കലവും ഉള്‍പ്പടെ 100 മെഡലുകളുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാണ്.

ദക്ഷിണേഷ്യന്‍ കായിക പോരില്‍ ഇന്നലെ ഇന്ത്യയുടെ മാത്രം ദിനമായിരുന്നു. ഇരട്ട ഫൈനലുകള്‍ നടന്ന കബഡിയിലും ഹാന്‍ഡ് ബോളിലും ഇന്ത്യയുടെ വനിത പുരുഷ ടീമുകള്‍ മഞ്ഞപ്പതക്കം ചാര്‍ത്തി സുവര്‍ണ ശോഭയില്‍ തിളങ്ങി. കബഡിയില്‍ പാകിസ്താനെയും ബംഗ്ലാദേശിനെയുമാണ് ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ കീഴടക്കിയത്. ഹാന്‍ഡ് ബോളില്‍ പാകിസ്താനും ബംഗ്ലാദേശുമാണ് പുരുഷ വനിത ടീമുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇടിക്കൂട്ടിലും തായ്‌ക്കൊണ്ടോയിലും ഷൂട്ടിങിലും ഇന്നലെ ഇന്ത്യ സുവര്‍ണ നേട്ടം കൊയ്‌തെടുത്തു. ഷില്ലോങിലെ കുളിരില്‍ ഫുട്‌ബോളില്‍ നേപ്പാളിനെ 40 നു കീഴടക്കി വനിതകള്‍ സുവര്‍ണ നേട്ടം കൊയ്തപ്പോള്‍ പുരുഷ ടീമിനെ 2 1 ന് കീഴടക്കി നേപ്പാള്‍ തിരിച്ചടിച്ചു.

സമാപനവും സംഗീത സാന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് അസമും മേഘാലയയും. സരൂസജോയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് സമാപനം നടക്കുന്നത്. അടുത്ത ഗെയിംസ് നടക്കുന്ന നേപ്പാള്‍ സമാപന കലാവിരുന്നില്‍ പങ്കെടുക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!