ഋഷിരാജിനെ എക്‌സൈസ്‌ കമ്മിഷണറായി നിയമിച്ചു; ആര്‍. ശ്രീലേഖ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവി

തിരുവനന്തപുരം: കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവിയായി എ.ഡി.ജി.പി: ആര്‍. ശ്രീലേഖ നിയമിതയായി. ഇതുള്‍പ്പെടെ പിണറായി സര്‍ക്കാര്‍ നടത്തിയ രണ്ടാമത്തെ പോലീസ്‌ അഴിച്ചുപണിയില്‍ ജയില്‍ ഡി.ജി.പി: ഋഷിരാജ്‌സിങ്ങിനടക്കം 23 ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനചലനം. ഋഷിരാജിനെ എക്‌സൈസ്‌ കമ്മിഷണറായി നിയമിച്ചു. ആംഡ്‌ ബറ്റാലിയന്‍ മേധാവി അനില്‍കാന്താണു പുതിയ ജയില്‍ മേധാവി.

ഇന്റലിജന്‍സ്‌ ഡി.ഐ.ജി: പി. വിജയനെ പോലീസ്‌ പരിശീലനവിഭാഗത്തില്‍ നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു മടങ്ങിയെത്തിയ സുധേഷ്‌കുമാറിനെ ഉത്തരമേഖലാ എ.ഡി.ജി.പിയാക്കി.എ.ഡി.ജി.പി: നിഥിന്‍ അഗര്‍വാളാണു പുതിയ ആംഡ്‌ ബറ്റാലിയന്‍ മേധാവി. ജിഷ കേസുമായി ബന്ധപ്പെട്ടു സ്‌ഥലംമാറ്റിയ ദക്ഷിണമേഖലാ എ.ഡി.ജി.പി: കെ. പത്മകുമാറിനെ കെ.എസ്‌.ഇ.ബി. ചീഫ്‌ വിജിലന്‍സ്‌ ഓഫീസറാക്കി. ഈ തസ്‌തിക പോലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ എ.ഡി.ജി.പിയുടേതിനു തുല്യമാക്കി.

ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്തിനെ എറണാകുളം ഐ.ജിയാക്കി. എറണാകുളം ഐ.ജി: മഹിപാല്‍ യാദവിനെ തൃശൂര്‍ ട്രെയിനിങ്‌ അക്കാദമിയില്‍ നിയമിച്ചു. പരിശീലനവിഭാഗം ഐ.ജി: എസ്‌. സുരേഷിനെ പോലീസ്‌ ആസ്‌ഥാനത്ത്‌ ഐ.ജിയായി നിയമിച്ചു. ജില്ലാ പോലീസ്‌ മേധാവിമാരുടെ മാറ്റം ചുവടേ: എ. അക്‌ബര്‍-ആലപ്പുഴ, കെ. സഞ്‌ജയ്‌കുമാര്‍ ഗുരുഡിന്‍-കണ്ണൂര്‍, എ.വി. ജോര്‍ജ്‌-ഇടുക്കി, ദേബേഷ്‌കുമാര്‍ ബെഹ്‌റ-മലപ്പുറം, ആര്‍. നിശാന്തിനി-തൃശൂര്‍ റൂറല്‍, എന്‍. രാമചന്ദ്രന്‍-കോട്ടയം, എസ്‌. സതീഷ്‌ ബിനോ-കൊല്ലം സിറ്റി, എന്‍. വിജയകുമാര്‍-കോഴിക്കോട്‌ റൂറല്‍, തോംസണ്‍ ജോസ്‌-കാസര്‍ഗോഡ്‌, എ. ശ്രീനിവാസ്‌-പാലക്കാട്‌, കെ. കാര്‍ത്തിക്‌-വയനാട്‌, ഹരിശങ്കര്‍-പത്തനംതിട്ട, ജെ. ഹിമേന്ദ്രനാഥ്‌-തൃശൂര്‍ സിറ്റി.

സ്‌ഥലംമാറ്റപ്പെട്ട എസ്‌.പിമാരായ സി.പി. ഗോപകുമാര്‍, പി. അശോക്‌കുമാര്‍, കെ.വി. ജോസഫ്‌, കെ. വിജയന്‍, പ്രതീഷ്‌കുമാര്‍, എം.കെ. പുഷ്‌കരന്‍ എന്നിവര്‍ക്കും പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ ആരോപണവിധേയനായ കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണര്‍ പി. പ്രകാശിനും പുതിയ നിയമനം നല്‍കിയിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!