പോലീസിനെ ആക്രമിച്ച്, പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍

കൊച്ചി: മുഖ്യമന്ത്രിയെ പരോക്ഷമായി ആക്രമിച്ച്, പോലീസിനെ വിമര്‍ശിച്ച് സി.പി.എം നേതൃത്വത്തില്‍ ഒരുവിഭാഗം രംഗത്ത്. കഴിഞ്ഞ കുറേ നാളുകളായി സി.പി.എമ്മിനുള്ളില്‍ രൂപപെട്ടിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തു ചാടിയിരിക്കുന്നത് പോലീസ് നയത്തിനെതിരെയാണ്.

പാര്‍ട്ടി നിലപാടു സര്‍ക്കാരില്‍ നടപ്പാക്കാനാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നതെന്നും അതിന് അദ്ദേഹം ബാധ്യസ്ഥനാണെന്നും സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു. യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി പ്രകടിപ്പിച്ച നിലപാട് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും കൈക്കൊണ്ടു. പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ പോലീസ് നടപടികളെ പാര്‍ട്ടി സെക്രട്ടറി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു.

ഡി.ജി.പി ലോക്‌നാഥ് ബഹറയുടെ പല നടപടികളോടും സി.പി.എമ്മിനു വിയോജിപ്പുണ്ടെന്ന് ആനത്തലവട്ടം ആനന്ദന്‍ സമ്മതിക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് സി.പി.എം നയം. അതു പിണറായിയുടെയും നയമാണ്. പാര്‍ട്ടി പറയുന്നതനുസരിച്ചുള്ള നിലപാട് സ്വീകരിക്കാന്‍ പിണറായിക്കും ബാധ്യതയുണ്ടെന്നും ആനത്തലവട്ടം പറഞ്ഞു.

ദേശീയ ഗാനത്തിന്റെ മറവില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്നത് കപട ദേശീയതയാണെന്നു ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു. കോടിയേരി പൊലിസിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലിസ് നയമുണ്ട്. അത് മോദി സര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ല. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും കോടിയേരി പറയുന്നു. യുഎപിഎയും രാജ്യദ്രോഹവകുപ്പും യുഡിഎഫ് ഭരരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തു. സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെപോലും യുഎപിഎ ചുമത്തി. അത്തരം ഭരണനടപടികളുണ്ടായപ്പോള്‍ അതിനെതിരെ ചെറുശബ്ദംപോലും ഉയര്‍ത്താതെ മൗനികളായിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥഗര്‍ഭമാണ്.

നാദീര്‍ എന്ന യുവാവിനെതിരെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ 2016 മാര്‍ച്ച് മൂന്നിന് യുഎപിഎ പ്രകാരം കേസ് ചുമത്തി. ഇപ്പോള്‍ ആ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വസ്തുതാപരമല്ലെന്നു കണ്ടു വിട്ടയച്ചു. നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരെ 124 (എ) ചുമത്തിയത് തെറ്റായ സന്ദേശം നല്‍കുന്നതാണ്. മുന്‍ സര്‍ക്കാര്‍ തെറ്റായി ചുമത്തിയ യുഎപിഎ കേസുകളില്‍പ്പോലും നിയമപരമായ പുനഃപരിശോധന നടത്താന്‍ പൊലീസ് തയാറാകണമെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന ചില ജില്ലാ കമ്മിറ്റി യോഗങ്ങളിലും പോലീസ് നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എല്‍.ഡി.എഫില്‍ നിന്നും പോലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!