ശ്രീകാര്യം കൊലപാതകം: മണികണ്ഠന്‍ ആര് ? കോണ്‍ഗ്രസുകാരനെന്ന് കോടിയേരി, എല്‍.ഡി.എഫിന്റെ ബൂത്ത് കണ്‍വീനറെന്ന് ഹസന്‍

തിരുവനന്തപുരം:ശ്രീകാര്യത്ത് ആര്‍.എസ്.എസ്. നേതാവിനെ കൊലപ്പെടുത്തിയ മണികണ്ഠന്‍ കോണ്‍ഗ്രസുകാരനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴക്കൂട്ടം മണ്ഡലത്തിലെ എടവക്കോട് 124 ാം നമ്പര്‍ ബൂത്തില്‍ എല്‍.ഡി.എഫിന്റെ കണ്‍വീനറായിരുന്നുവെന്ന് തിരിച്ചടിച്ച് ഹസ്സനും മറ്റു കോണ്‍ഗ്രസ് നേതാക്കളും.

കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ്, മണികണ്ഠനു തങ്ങളുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം ജില്ലാ, സംസ്ഥാന സെക്രട്ടറിമാര്‍ രംഗത്തെത്തിയത്. മണികണ്ഠന്‍ കോണ്‍ഗ്രസുകാരനാണെന്നാണ് കോടിയേരി ബാലകൃഷ്ണന്റൈ വാദം. മിനിട്ടുകള്‍ക്കുള്ളില്‍ ഇക്കാര്യം നിഷേധിച്ച് എം.എം. ഹസന്‍ രംഗത്തെത്തി. ബൂത്ത് കണ്‍വീനറായിരുന്നപ്പോള്‍ അവിടെ അന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പിടിയിലായവരെ ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. രാഷ്ട്രീയ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കാപ്പ, ഗുണ്ടാ ആക്ട് എന്നിവ ചുമത്തി ജയിലടയ്ക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മണികണ്ഠന്‍. അധികാരമുള്ളവര്‍ക്കൊപ്പം നിന്നിരുന്ന മണികണ്ഠന്‍ പല കാലഘട്ടങ്ങളിലായി പല പാര്‍ട്ടിക്കാര്‍ക്കൊപ്പം നിന്നിട്ടുണ്ട്. മണ്ണ്, ബ്ലേഡ് മാഫിയകളുടെ ഗുണ്ടാപ്രവര്‍ത്തനം ചെയ്തിരുന്ന ഇയാള്‍ക്ക് ഇപ്പോള്‍ ചില പ്രാദേശിക ഇടതു പ്രവര്‍ത്തകരുമായിട്ടാണ് ഇപ്പോള്‍ അടുപ്പം. കേസുകളില്‍ പിടിക്കപ്പെടുമ്പോഴും ജാമ്യം കിട്ടുന്നതിനുമൊെക്കയാണ് രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നത്. തുടക്കത്തില്‍ ആര്‍.എസ്.എസുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ ചില കേസുകളുമായി ബന്ധപ്പെട്ട് അകന്നു. പിന്നീട് കോണ്‍ഗ്രസിന്റെ അന്നത്തെ കഴക്കൂട്ടം എം.എല്‍.എയുമായി അടുപ്പമുള്ളവര്‍ക്കൊപ്പം കൂടിയിരുന്നു. അക്കാലത്താണ്, സി.പി.എം ചെറുവയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാജു എല്‍.എസിന്റെ വീട് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!