കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടു; നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും

mani phoneപത്തനംതിട്ട: ചരല്‍കുന്നില്‍ നിന്ന് വീണ്ടും ഒരു സുപ്രധാന തീരുമാനം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കം താഴെ തട്ടിലുള്ള സ്ഥിതി മാറ്റമില്ലാതെ തുടരുമെന്ന് കെ.എം. മാണി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തുമെന്ന് മാണി പറഞ്ഞു. പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയേയും പ്രത്യേകിച്ച് പാര്‍ട്ടി ലീഡറേയും കടന്നാക്രമിക്കുന്ന കോണ്‍ഗ്രസിലെ ചില നേതാക്കളുടെ നീക്കങ്ങളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.

ചരല്‍ക്കുന്ന് ക്യാമ്പില്‍ രണ്ടാം ദിനത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായിരുന്നു ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രമേയത്തില്‍ ഉന്നയിക്കുന്നു. പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഇതിനായി ചെന്നിത്തല പണം ഒഴുക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നും പ്രമേയത്തില്‍ പറയുന്നു.

പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെപോലും കാലുവാരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരുവല്ല, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കാലുവാരി.

അതേസമയം, എല്‍.ഡി.എഫ് മാണിയുടെ പിന്നാലെ പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം യുക്തിഭദ്രമല്ലെന്നും പഞ്ചായത്തുകളില്‍ മാണിയുടെ പിന്തുണ ആവശ്യമില്ലെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു. മാണിയുടേത് രാഷ്ട്രീയ വഞ്ചനയാണെന്ന് പി.പി. തങ്കച്ചന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!