‘അമിട്ട്’ ഷാ അല്ല; ഇത് ഉന്നംപിഴക്കാത്ത അമിത്ഷാ തന്നെ

‘അമിട്ട്’ ഷാ അല്ല; ഇത് ഉന്നംപിഴക്കാത്ത അമിത്ഷാ തന്നെ

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കണക്കൂകൂട്ടലുകള്‍ പിഴയ്ക്കാതെ മുന്നോട്ട്. 25 കൊല്ലക്കാലം ചുവപ്പണിഞ്ഞുനിന്ന ത്രിപുര ബി.ജെ.പിക്ക് സ്വപ്‌നം കാണാന്‍പോലും പറ്റാത്തയിടമെന്ന വിശ്വാസത്തിലായിരുന്നു രാജ്യം. ഇന്ന് ത്രിപുര ബി.ജെ.പിക്ക് സ്വപ്‌നമല്ലെന്ന യാഥാര്‍ത്ഥ്യവും രാജ്യം തിരിച്ചറിഞ്ഞു. എന്നാല്‍ ത്രിപുരയെ കിനാവുകണ്ട് ചുമ്മാതിരിക്കുകയായിരുന്നില്ല അമിത്ഷായും കൂട്ടരുമെന്നാണ് ‘ത്രിപുരഫലം’ തെളിയിക്കുന്നത്.

നരേന്ദ്രമോഡി അധികാരമേറ്റശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. പ്രസംഗത്തിലൊതുക്കാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പാക്കേജ് കൊണ്ടുവന്നു. മന്ത്രിസഭയിലെ പ്രമുഖരെ ഈ മേഖലകളെ തരംതിരിച്ച് ചുമതല നല്‍കി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് പുറംതിരിഞ്ഞുനിന്ന ത്രിപുരസര്‍ക്കാരിന്റെ നിലപാടും ബി.ജെ.പി. മുതലാക്കി.

25 വര്‍ഷത്തോളം ത്രിപുരയില്‍ വികസനം കൊണ്ടുവരാനായില്ലെന്ന യാഥാര്‍ത്ഥ്യവും പുതുവോട്ടര്‍മാരെ സ്വാധീനിച്ചു. ഇടതുപാര്‍ട്ടികളുമായി ഇടഞ്ഞുനില്‍ക്കുന്ന ഗ്രൂപ്പുകളെ യോജിപ്പിക്കാനും കോണ്‍ഗ്രസിനെ അടപടലം വിഴുങ്ങിയ അമിത്ഷായുടെ കരുനീക്കമാണ് വിജയത്തിലെത്തിയത്. പ്രത്യേക സംസ്ഥാനംവേണമെന്ന ആവശ്യമുന്നയിക്കുന്ന ഐ.പി.എഫ്.ഡിയുമായി ഒത്തുചേര്‍ന്നു. ത്രിപുരയെ വെട്ടിപ്പൊളിക്കണമെന്ന അവരുടെ ആവശ്യം ആദ്യമേതന്നെ തള്ളിക്കളഞ്ഞുകൊണ്ടാണ് ബി.ജെ.പി. അവരെ കൂടെക്കൂട്ടിയത്.

വികസനവും തൊഴിലുമെന്ന ബി.ജെ.പി. വാഗ്ദാനം ത്രിപുരയിലെ യുവതലമുറയെ ഏറെ സ്വാധീനിച്ചു. ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ നഗരകേന്ദ്രങ്ങളില്‍ മാത്രമാണ് ബി.ജെ.പി. മുന്നേറ്റം. എന്നാല്‍ ഒടുവില്‍ നഗരഗ്രാമഗോത്ര മേഖലകള്‍ ഒന്നടങ്കം പിടിച്ചടക്കിയതിനു പിന്നില്‍ അമിത്ഷായുടെയും കൂട്ടരുടെയും കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രചരണതന്ത്രങ്ങളായിരുന്നു. ഇനി കേരളമാണ് ലക്ഷ്യമെന്ന് ബി.ജെ.പി. വ്യക്തമാക്കിക്കഴിഞ്ഞു. ‘അമിട്ട്’ഷായെന്ന് ഇടതുപോരാളികള്‍ കളിയാക്കുന്ന അമിത്ഷാ ഇനി ഉന്നംതെറ്റാതെ കേരളത്തിലും വെടിപൊട്ടിക്കുമോയെന്നാണ് കണ്ടറിയണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!