വി.എസും വെള്ളാപ്പള്ളിയും നേര്‍ക്കുനേര്‍

  •  മൈക്രോ ഫൈനാന്‍സില്‍ നേരറിയാന്‍ സി.ബി.ഐ വരണമെന്ന് വി.എസ്

  •  മറ്റൊന്നുമില്ലാത്തതിനാല്‍ അഴിമതി ആരോപിക്കുന്നുവെന്ന് വെള്ളാപ്പള്ളി

     

vs vellapalliതിരുവനന്തപുരം:ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ തീരുമാനിച്ച വെള്ളാപ്പള്ളിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദനും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍.  ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി വീണ്ടും ആവര്‍ത്തിച്ചുള്ള വി.എസിന്റെ ലേഖനം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് പണം കൈകാര്യം ചെയ്യുന്നത് സുതാര്യമായാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം വെള്ളാപ്പള്ളി നടേശനില്‍ വര്‍ദ്ധിച്ചിരിക്കയാണെന്ന് വി.എസിന്റെ ലേഖനം പറയുന്നു. എസ്.എന്‍. ട്രസ്റ്റിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണം.

ലേഖനം പുറത്തുവന്നതിനു പിന്നാലെ ആലപ്പുഴയില്‍ മാധ്യമങ്ങളെക്കണ്ട വെള്ളാപ്പള്ളി ആരോപണങ്ങളെ അവജ്ഞയോടെ പുച്ഛിച്ചു തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണം നടത്തി തള്ളിയ കാര്യങ്ങളാണ് വി.എസ് പറയുന്നത്. അതിന് ഇനിയും മറുപടി പറയേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തന്നെ എതിര്‍ക്കാനാണെങ്കിലും വി.എസും പിണറായിയും ഒന്നിച്ചതില്‍ സന്തോഷമുണ്ട്. വി.എസും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സംസാരിക്കുന്നത് ഒരേ ഭാഷയിലാണ്. തന്നെ എതിര്‍ത്തതിലൂടെ വി.എസിന് പാര്‍ട്ടിയില്‍ പ്രേമോഷന്‍ കിട്ടിയതായും വെള്ളാപ്പള്ളി പരിഹസിച്ചു. ബി.ജെ.പിയുമായി ബന്ധമുണ്ടെങ്കില്‍ മൂന്നാം മുന്നണിയുടെ ആവശ്യമില്ല. ഇപ്പോഴത്തെ എല്ലാ ശ്രദ്ധയും സമത്വ മുന്നേറ്റ യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജോലി നല്‍കാന്‍ വാങ്ങിയ കോഴ മാത്രം 180 കോടിക്കു പുറത്തെന്ന് വി.എസ്

1996 മുതല്‍ 2013 വരെ എസ്എന്‍ ട്രസ്റ്റിന്റെ കോളേജുകളില്‍ ജോലി നല്‍കിയ വകയില്‍ വാങ്ങിയ കോഴ മാത്രം 180 കോടിയിലേറെ വരുമെന്നാണ് വി.എസ്. ലേഖനത്തില്‍ ആരോപിച്ചത്. മറ്റു സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നിയമനത്തിനും പ്രവേശനത്തിനും വാങ്ങിയ കോഴകൂടി കൂട്ടിയാല്‍ കണക്ക് നൂറുകണക്കിനു കോടികളാകും. എന്നാല്‍, ട്രസ്റ്റിന്റെ വരവുചെലവ് കണക്കില്‍ ഓരോവര്‍ഷവും നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും സംഭാവനയായി ലഭിച്ചിരിക്കുന്നത് അഞ്ചും ആറും ലക്ഷം മാത്രമാണ്. ഇക്കാര്യങ്ങളെല്ലാം അറിയാന്‍ കേരളത്തിലെ ഏതൊരു പൗരനും അവകാശമുണ്ട്. കാരണം, കോഴവാങ്ങി നിയമനം നടത്തിക്കഴിഞ്ഞാല്‍, അവര്‍ക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണെന്നും വി.എസ് പറയുന്നു.

വെള്ളാപ്പള്ളിക്കു മറുപടി പറയാന്‍ മാധ്യമങ്ങളെ കണ്ട വി.എസും കൂടുതല്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എസ്.എന്‍.ഡി.പിയുടെ മൈട്രോ ഫൈനാന്‍സ് പദ്ധതിയിലും വന്‍ അഴിമതിയാണെന്ന് വി.എസ്. പറഞ്ഞു. ദേശീയ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വെറും രണ്ടു ശതമാനം പലിശയ്ക്ക് 15 കോടി രൂപ വായ്പയെടുത്ത വെള്ളാപ്പള്ളി ഇത് 12 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കിയത്. പരമാവധി അഞ്ചു ശതമാനം പലിശയേ ഈടാക്കാന്‍ പാടുള്ളുവെന്ന് വകുപ്പുള്ളപ്പോഴാണ് കൂടിയ പലിശയ്ക്ക് പണം വായ്പ നല്‍കുന്നത്.

മാത്രമല്ല, വ്യാജ മേല്‍വിലാസങ്ങളുണ്ടാക്കി പണം വെള്ളാപ്പള്ളി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇങ്ങനെ കോടികളുടെ ക്രമക്കേടു നടക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയെ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!