അഴിമതിയോട് ഒത്തു തീര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: അഴിമതിയുമായി കോണ്‍്രഗസ് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയാരോപണം ഉന്നയിക്കുന്നവര്‍ തെളിവിന്റെ ഒരു കണികയെങ്കിലും കൊണ്ടുവന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ നയിച്ച ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും ആവേശം പകര്‍ന്നു നടത്തിയ പ്രസംഗത്തിനൊടുവിലാണ് അഴിമതിക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. അധികാരത്തിലെത്തിയാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അടപ്പിച്ച ബാറുകള്‍ തുറക്കുമോയെന്ന് ഇടതു മുന്നണി വ്യക്തമാക്കണം. മദ്യനയം എന്തായിരിക്കുമെന്ന് ഇടതുപക്ഷം തുറന്നുപറയണം.

വികസനത്തോടൊപ്പം കരുതലും നടപ്പാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. വലിയവര്‍ക്കു വേണ്ടി നരേന്ദ്ര മോഡിയുണ്ടാക്കിയ ബുള്ളറ്റ് ട്രെയിനല്ല, സാധാരണക്കാര്‍ക്കു വേണ്ടി കൊച്ചി മെട്രോയാണ് ഉമ്മന്‍ ചാണ്ടി നടപ്പാക്കിയത്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഉതകുന്ന തരത്തില്‍ സ്മാര്‍ട്ട് സിറ്റി കൊണ്ടുവന്നു. മോഡി സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് അതു കേരളത്തിലുണ്ടായി.

അധികാരത്തില്‍ വന്നാല്‍ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നതടക്കം നിരവധി വാഗ്ദാനങ്ങളാണ് മോഡി നല്‍കിയിരുന്നത്. കര്‍ഷകരെ രക്ഷിക്കാമെന്ന് അവരോടും വിലക്കയറ്റം തടയാമെന്ന് വീട്ടമ്മമാരോടും വാക്കുപറഞ്ഞു. അധികാരമേറ്റെടുത്തതോടെ എല്ലാ വാഗ്ദാനങ്ങളും അദ്ദേഹം മറന്നു. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അധ്യക്ഷനായിരുന്നു.

തന്നെക്കാള്‍ മികച്ച സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേതെന്ന് പറയാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!