നെല്‍വയലും തണ്ണീര്‍തടങ്ങളും : റവന്യൂ രേഖകളില്‍ ഭേദഗതിക്ക് അവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി ഡാറ്റാ ബാങ്കിലെ രേഖകളില്‍ ആക്ഷേപമുള്ളവര്‍ക്ക് അത് തിരുത്താം.
പരാതി തീര്‍ക്കാന്‍ 2008 ലെ കേരള നെല്‍വയല്‍  തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളില്‍ നാലാം ചട്ടം (4)-ാം ഉപ ചട്ടത്തിനു ശേഷം ഭേദഗതി ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമായി.
‘കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ചട്ടങ്ങള്‍ – 2017’ എന്ന പേരിലാണ് ഈ ചട്ടങ്ങള്‍ അറിയപ്പെടുക. ഇതനുസരിച്ച് 2008 ലെ ചട്ടങ്ങള്‍ പ്രകാരം നെല്‍വയലായും തണ്ണീര്‍ത്തടമായും തെറ്റായി രേഖപ്പെട്ടുകിടക്കുന്നു എന്ന് ആക്ഷേപമുള്ള ഭൂവുടമകള്‍ക്ക് പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനറായ കൃഷി ഓഫീസര്‍ക്ക് പുനഃപരിശോധനാ അപേക്ഷ നല്‍കാം. വെള്ളകടലാസില്‍ 100 രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് പരാതിയുള്ള ഭൂമിയുടെ സര്‍വേ നമ്പരും വിവരങ്ങളും അതിന്മേല്‍ ആവശ്യപ്പെടുന്ന പരിഹാരം എന്നിവ വ്യക്തമാക്കിയ അപേക്ഷയ്ക്ക് കൃഷി ഓഫീസര്‍ കൈപ്പറ്റ് രസീത് നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.
ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്ന മേയ് 30 മുതല്‍ 90 ദിവസത്തിനകം പരാതി കൃഷി ഓഫീസര്‍ക്ക് ലഭിച്ചിരിക്കണം. മതിയായ കാരണമുണ്ടെങ്കില്‍ കാലതാമസം മാപ്പാക്കാന്‍ സമിതിക്ക് അധികാരമുണ്ട്. 2008 ആഗസ്റ്റ് 12 ന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ എടുത്തും സ്ഥലപരിശോധന നടത്തിയും ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് തീരുമാനം എടുക്കും. ഡാറ്റാ ബാങ്കില്‍ ഭേദഗതി വേണ്ടിവന്നാല്‍ തിരുത്തലുകള്‍ വരുത്തി വീണ്ടും പ്രസിദ്ധപ്പെടുത്തും.
ഭൂമിയുടെ സ്വഭാവത്തില്‍ വ്യത്യാസം ഇല്ലെങ്കിലും ഡാറ്റാ ബാങ്കില്‍ പരിഷ്‌കരണം വരുത്തിയാലും അക്കാര്യം അപേക്ഷകനെ അറിയിക്കും.
അതേസമയം നിലവില്‍ നെല്‍വയലോ തണ്ണീര്‍ത്തടമോ ആയി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ നാലാം ഉപചട്ടം പ്രകാരം ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ടിട്ടില്ലെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതിക്ക് ഇപ്പോള്‍ അധികാരം കൈവന്നിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.  ഈ ഭേദഗതി ചട്ടങ്ങള്‍ പ്രകാരം വന്നുചേര്‍ന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ കൃഷി ഓഫീസര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റവന്യൂവകുപ്പ് 2017 മേയ് 30 തീയതിയായി ജി.ഒ.(പി)34/2017 നമ്പരില്‍ ഇറക്കിയ ഉത്തരവ് 1117-ാം നമ്പര്‍ ഗസറ്റില്‍ എസ്.ആര്‍.ഒ. നമ്പര്‍ 301/17 വിജ്ഞാപനം പരിശോധിച്ചാല്‍ വിശദാംശം ലഭ്യമാകും.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!