നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു; മിനിമം ശമ്പളം 20,000 രൂപ

നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു; മിനിമം ശമ്പളം 20,000 രൂപ

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ മൂന്നാഴ്ചയായി നടത്തിവരുന്ന സമരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ഇതനുസരിച്ച് 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും.  50 കിടക്കകള്‍ക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പുനര്‍നിര്‍ണ്ണയിക്കാന്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപന്‍റ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മീഷണര്‍മാരും സമിതിയിലെ അംഗങ്ങളാണ്.
ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും അത് അംഗീകരിക്കണമെന്ന് സമിതിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം  മുഖ്യമന്ത്രി അറിയിച്ചു. സമരം നടത്തിയതിന്‍റെ പേരില്‍ ഒരു തരത്തിലുളള പ്രതികാര നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റുകളോട് നിര്‍ദ്ദേശിച്ചു. സമരം നടത്തിയവര്‍ ആശുപത്രി പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുകയും വേണം. ഈ രീതിയില്‍ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് അദ്ദേഹം ഇരുവിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍

1.    2016 ജനുവരി 29-ന് സുപ്രീകോടതി വിധി അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നിര്‍ദ്ദേശിച്ച രീതിയില്‍ 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്സുമാരുടെ മൊത്തം ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു. 50 കിടക്കകളില്‍ കൂടുതലുളള ആശുപത്രികളിലെ ശമ്പളം സുപ്രീംകോടതി മാര്‍ഗ്ഗരേഖയനുസരിച്ച് നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും.
2.    നഴ്സിംഗ് ട്രെയ്നിമാരുടെ സ്റ്റൈപ്പന്‍റ് കാലോചിതമായി വര്‍ദ്ധിപ്പിക്കും. ട്രെയ്നിംഗ് കാലാവധിയും സ്റ്റൈപ്പന്‍റ് പുതുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!