കച്ചവടക്കാര്‍ വിലകൂട്ടി വില്‍ക്കുന്ന പ്രവണത തടയാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജി.എസ്.ടി നിലവില്‍ വന്നശേഷം സാധനങ്ങള്‍ക്ക് കച്ചവടക്കാര്‍ വിലകൂട്ടി വില്‍ക്കുന്ന പ്രവണത വ്യാപകമാണെന്നും  ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നു എം.പി.മാരോട്  മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന തലത്തില്‍ പരിശോധന സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. എ.സി.യില്ലാത്ത റസ്റ്റോറന്‍റുകളുടെ നികുതി 12 ശതമാനമാണ്. അതുകുറയ്ക്കണം. പരമ്പരാഗത ആയുര്‍വേദ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായി കുറയ്ക്കണം. ഹൗസ്ബോട്ടുകളുടെ നികുതി കുറച്ചില്ലെങ്കില്‍ കേരളത്തില്‍ ടൂറിസത്തെ ബാധിക്കും.

ഉത്സവ സീസണില്‍ വിമാന യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ആഗസ്റ്റില്‍ പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ്, കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ്, എച്ച്.എല്‍.എല്‍.  ലൈഫ് കെയര്‍ (മുമ്പത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്) എന്നിവ സ്വകാര്യവല്‍ക്കരിക്കാനോ പൂട്ടാനോ ഉളള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ എം.പി.മാര്‍ ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കണ്ണൂരില്‍ അന്താരാഷ്ട്ര ആയൂര്‍വേദ ഗവേഷണ കേന്ദ്രം, വയനാട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ ഹെല്‍ത്ത് എന്നിവ ലഭിക്കുന്നതിന് എം.പി.മാരുടെ ഇടപെടല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്‍ററിന് കേന്ദ്ര സഹായം ലഭ്യമാക്കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കണം.

അങ്കമാലി-ശബരി റെയില്‍പാതയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഗുരുവായൂര്‍-തിരുന്നാവായ റെയില്‍വെ ലൈനിന്‍റെ നിര്‍മാണം വേഗത്തില്‍ ആരംഭിക്കണം. സുല്‍ത്താന്‍ ബത്തേരി വഴി നിലമ്പൂര്‍ റോഡ്-നഞ്ചന്‍കോട് റെയില്‍വെ ലൈന്‍ നടപ്പാക്കണം. കേന്ദ്ര മോട്ടോര്‍ വാഹന (ഭേദഗതി) ബില്ലിനോട് സംസ്ഥാന സര്‍ക്കാരിന് ചില എതിര്‍പ്പുകളുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ലോക്സഭ പാസാക്കിയ ഈ ബില്‍ ഇനി രാജ്യസഭ അംഗീകരിക്കാനുണ്ട്.

പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയില്‍  കേരളത്തിനുളള അരിയുടെയും ഗോതമ്പിന്‍റെയും വിഹിതം വര്‍ധിപ്പിക്കണം. ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിന് അനുവദിച്ചിട്ടുളളത്. ഇത് അപര്യാപ്തമാണ്. 6 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൂടി  കൂടുതലായി അനുവദിക്കണം. മത്സ്യതൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നതിന് പ്രത്യേക ക്വാട്ട അനുവദിക്കണം. തൊഴിലുറപ്പ് പദ്ധതിക്ക് യഥാസമയം കേന്ദ്രഫണ്ട് ലഭ്യമാക്കണം. 733 കോടി രൂപ ഇപ്പോള്‍ കുടിശ്ശികയുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!