മിനിമം കൂലി 500; കെ.എസ്.ആർ.ടി.സിയിൽ മൂന്നാർ മോഡലിനു മുമ്പെ ഓടാൻ സി.ഐ.ടി.യു.

  •  നീക്കം തട്ടിപ്പെന്ന് മറ്റ് സംഘടനകൾ
  •  ഒറ്റപ്പെട്ടിട്ടും മുന്നോട്ടുപോകുന്നതിന്റെ ലക്ഷ്യം റഫറണ്ടം

ksrtc strikeതിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുള്ള സമരം ഇന്ന് അർദ്ധരാത്രി ആരംഭിക്കും. മറ്റ് ഇടത് ട്രേഡ് യൂണിയനുകൾ അടക്കം എല്ലാ സംഘടനകളും സമരത്തിൽ നിന്ന് പിന്മാറി.

എംപാനൽ ദിവസവേതനം 500 രൂപ ആക്കുക, ദേശസാത്കൃത റൂട്ടുകളും സൂപ്പർക്ലാസ് പെർമിറ്റുകളും സംരക്ഷിക്കുക, പുതിയ ബസുകൾ നിരത്തിലിറക്കി സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ടി.ഡി.എഫ്, കെ.എസ്.ടി. എംപ്ലോയീസ് സംഘ്, ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) തുടങ്ങിയ സംഘടനകളാണ് പണിമുടക്കിൽ നിന്ന് പിൻമാറിയത്. ഉന്നയിക്കപ്പെട്ട ഒരാവശ്യത്തിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുള്ള സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പിൻമാറിയ സംഘടനകളുടെ നിലപാട്.

മൂന്നാർ മോഡൽ സമരം കെ.എസ്.ആർ.ടി.സിയിലുണ്ടാകാതിരിക്കാനുള്ള അടവു നയമാണെന്നാണ് മറ്റു സംഘടനകളുടെ നിലപാട്. 2014 മുതൽ സർക്കാർ ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങളുടെ മിനിമം വേതനം 450 രൂപയായി നിശ്ചയിച്ച ഉത്തരവ് കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കാൻ തടസം നിന്നത് സി.ഐ.ടി.യുവിന്റെ അംഗീകൃത സംഘടനതന്നെയാണ്. ഇപ്പോഴത്തെ നീക്കം നടക്കാനിരിക്കുന്ന റഫറണ്ടം മുന്നിൽ കണ്ടാണെന്നാണ് അവരുടെ ആരോപണം.

ദേശസാൽകൃത റൂട്ടുകൾ സ്വകാര്യ ബസ് ലോബിക്ക് കൈമാറുന്നതിൽ സ്വീകരിച്ചിരിക്കുന്ന നിലപാടും അംഗീകൃത ട്രേഡ് യൂണിയന് ബൂമറാംഗാകുകയാണ്. കൈമാറുന്നതിന് അനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്് സി.ഐ.ടി.യുവാണെന്നും സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനയുടെ നേതാക്കളായ സി.ഐ.ടി.യു. നേതാക്കൾ തന്നെയാണ് കെ.എസ്.ആർ.സി.സിയിലെ യൂണിയനും നേതൃത്വം നൽകുന്നതെന്നും മറച്ചുവയ്ക്കാനാവില്ല.

എന്നാൽ, മന്ത്രി വിളിച്ചുചേർത്ത അനുരഞ്ജനയോഗം പരാജയപ്പെട്ടതിനെത്തുടർന്നാണ് പണിമുടക്കെന്നു സമരസമിതി നേതാക്കൾ വ്യക്തമാക്കി. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡയസ്‌നോൺ ബാധകമാണെന്ന് കെ.എസ്.ആർ.ടി.സി. സി.എം.ഡി. ആന്റണി ചാക്കോ അറിയിച്ചു.

താൽക്കാലിക ജീവനക്കാർ ജോലിക്ക് ഹാജരായില്ലെങ്കിൽ പിരിച്ചുവിട്ട് പകരം പി.എസ്.സി വഴി നിയമനം നടത്തുമെന്ന് മാനേജുമെന്റ് വ്യക്തമാക്കി. പി.എസ്.സി. അഡൈ്വസ് ചെയ്ത 4500 തിലധികം പേർ നിയമനം കാത്ത് കഴിയുകയാണ്.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years

    ജീവനക്കാരെ വിഡ്ഢിവേഷം കെട്ടിക്കുന്ന നേതാക്കൻമാരുടെ കാപട്യ0 തിരിച്ചറിയുക. പണിമുടക്ക് നാടകത്തെ തോൽപിക്കുക. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂയെന്ന സാരോപദേശം പഠിപ്പിച്ചവർ തന്നെ ചുമരിടിച്ചു നിരത്താൻ പറയുന്നു.

  • DISQUS: 0
    error: Content is protected !!