ഇടുക്കി ജില്ലയിലെ കുടിയേറ്റക്കാരുടെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട.: മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ കുടിയേറ്റക്കാരുടെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട.: മുഖ്യമന്ത്രി

ഇടൂക്കി: ജില്ലയിലെ അര്‍ഹരായ എല്ലാവര്‍ക്കും രണ്ട്‌ വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പന സെന്റ്‌ജോര്‍ജ്ജ്‌ ചര്‍ച്ച്‌ പാരിഷ്‌ഹാളില്‍ പട്ടയമേള ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍
സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഗവണ്‍മെന്റ്‌ പ്രതിജ്ഞാബദ്ധമാണ്‌. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പട്ടയനടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. ഇക്കാര്യത്തില്‍ റവന്യൂമന്ത്രിയുടെ മേല്‍നോട്ടവുമുണ്ടാകും. കൂടുതല്‍ ഉദ്യോഗസ്ഥസംവിധാനം ഒരുക്കണമെങ്കില്‍ അതിനുള്ള നടപടികളും സ്വീകരിക്കും.

ഇടുക്കിയിലെ കുടിയേറ്റക്കാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനമാണ്‌ ഗവണ്‍മെന്റിനുള്ളത്‌. എന്നാല്‍ കയ്യേറ്റങ്ങളും നടക്കുന്നുണ്ട്‌. രണ്ടും ഒരേ കണ്ണോടെയല്ല
ഗവണ്‍മെന്റ്‌ കാണുന്നത്‌. മണ്ണില്‍ പണിയെടുക്കുന്നവരുടെ കണ്ണീരൊപ്പും. അവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന കാര്യം വരുമ്പോള്‍ നിയമം പറഞ്ഞ്‌ തടസ്സമുണ്ടാക്കില്ല. മലയോര കര്‍ഷകര്‍ പ്രത്യേക പരിഗണനയാണ്‌ അര്‍ഹിക്കുന്നതെന്ന്‌ ഗവണ്‍മെന്റിന്‌ ബോധ്യമുണ്ട്‌. പ്രതികൂല
സാഹചര്യങ്ങളോട്‌ പടവെട്ടി ജീവിതം പടുത്തുയര്‍ത്തുകയും സുഗന്ധവ്യജ്ഞനങ്ങള്‍ കൃഷി ചെയ്‌ത്‌ വിദേശനാണ്യം നേടിത്തരികയും ചെയ്‌തവരാണവര്‍. കുടിയേറ്റക്കാരുടെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. എന്നാല്‍ കുടിയേറ്റക്കാരെ സംരക്ഷണ കവചമാക്കിക്കൊണ്ട്‌ കയ്യേറ്റക്കാര്‍ പ്രശ്‌നം വഴിതിരിച്ച്‌ വിടാന്‍ ശ്രമം നടത്തുന്നുണ്ട്‌. അത്തരം തന്ത്രങ്ങള്‍ വിലപ്പോവില്ല. കുടിയേറ്റക്കാരെ സംരക്ഷിച്ചുകൊണ്ടുതന്നെ കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കാന്‍ ഗവണ്‍മെന്റ്‌ തീരുമാനിച്ചു കഴിഞ്ഞു.

മൊത്തം 5500ഓളം പട്ടയങ്ങളാണ്‌ ഇന്ന്‌ വിതരണം ചെയ്യുന്നത്‌. ഇതില്‍ 3480 പട്ടയങ്ങളും 1993ലെ ഭൂപതിവ്‌ ചട്ടങ്ങള്‍ പ്രകാരം 1977 ജനുവരി ഒന്നിന്‌ മുമ്പ്‌ കുടിയേറിയ കര്‍ഷകര്‍ക്കാണ്‌. കേന്ദ്രാനുമതിയോടെ നല്‍കുന്ന ഈ പട്ടയങ്ങള്‍ ഉപാധിരഹിതമാണ്‌. ഉപാധികള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌ 1964ലെ ഭൂപതിവ്‌ ചട്ടങ്ങള്‍ പ്രകാരം നല്‍കുന്ന പട്ടയങ്ങള്‍ക്കാണ്‌. പതിച്ച്‌
നല്‍കാമെന്ന്‌ കണ്ടെത്തിയ റവന്യൂഭൂമിയിലെ കയ്യേറ്റക്കാര്‍ക്കും ചട്ടത്തില്‍ പറയുന്ന അര്‍ഹത ഉറപ്പാക്കിയിട്ടുള്ള ഭൂരഹിതര്‍ക്കുമാണ്‌ 1964ലെ ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ച്‌ നല്‍കുന്നത്‌. കൃഷിക്ക്‌ ഒരേക്കറും ഭവന നിര്‍മ്മാണത്തിന്‌ 15 സെന്റുമാണ്‌ ഇത്തരത്തില്‍ പതിച്ച്‌ നല്‍കാന്‍ കഴിയുക. ഇങ്ങനെ പട്ടയം കിട്ടുന്നവര്‍ക്ക്‌ ഭൂമി കൈമാറാന്‍ 25 വര്‍ഷം കഴിഞ്ഞേ സാധ്യമാകുമായിരുന്നുള്ളൂ. ഇത്‌ 12 വര്‍ഷമായി റവന്യൂ വകുപ്പ്‌ കുറച്ചിട്ടുണ്ട്‌. അതോടൊപ്പം ഭൂമി പണയപ്പെടുത്തുന്നതിന്‌ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഇളവ്‌ ചെയ്‌തിട്ടുമുണ്ട്‌. വീട്‌ വയ്‌ക്കാനോ കൃഷി ആവശ്യത്തിനോ ഭൂമി അഭിവൃദ്ധിപ്പെടുത്തുന്നതിനോ സര്‍ക്കാരിനോ
ധനകാര്യസ്ഥാപനത്തിനോ പണയം വയ്‌ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌.

ഇതുകൂടാതെ 1986ലെ വൃക്ഷസംരക്ഷണ നിയമത്തിന്റെ 22-ാം സെക്ഷന്‍ അനുസരിച്ച്‌ ഏത്‌ മരം മുറിക്കാനും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയില്‍ ഇളവ്‌ വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്‌. ഇക്കാര്യത്തില്‍ ലഭ്യമാകുന്ന ഇളവ്‌ 2017 മെയ്‌ 21ന്‌ നല്‍കുന്ന പട്ടയങ്ങള്‍ക്കുംകൂടി ബാധകമാക്കാനാണ്‌ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്‌.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!