സോളാര്‍: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ 1.60 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

ബംഗളുരു: സോളാര്‍ പദ്ധതി വാഗ്ദാനംചെയ്ത് വ്യവസായിയില്‍നിന്ന് പണം തട്ടിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ 1.60 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളൂരു കോടതി ഉത്തരവിട്ടു. ബംഗളൂരു അഡീഷണല്‍ സിറ്റി ആന്‍ഡ് സിവില്‍ സെഷന്‍സ് ജഡ്ജി എന്‍ ആര്‍ ചെന്നകേശവയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ആദ്യ ശിക്ഷവിധിച്ചത്. 1.35 കോടി തട്ടിയെടുത്തതായി കാണിച്ച് ബംഗളൂരുവിലെ മലയാളി വ്യവസായി എം കെ കുരുവിളയാണ് കോടതിയെ സമീപിച്ചത്. ഈ തുക 12 ശതമാനം പലിശ സഹിതം തിരിച്ചുനല്‍കാനാണ് വിധി. കോടതിച്ചെലവും വക്കീല്‍ഫീസും ഉള്‍പ്പെടെ നല്‍കണം. ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ രണ്ടുമാസത്തിനകം 1,60,85,700 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. പണം കെട്ടിവച്ചില്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കേസില്‍ അഞ്ചാംപ്രതിയാണ് ഉമ്മന്‍ചാണ്ടി. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡാണ് ഒന്നാംപ്രതി. കണ്‍സള്‍ട്ടന്‍സി എംഡി ബിനു നായരാണ് രണ്ടാംപ്രതി. ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് മൂന്നാപ്രതിയും പ്രൈവറ്റ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ ഡെല്‍ജിത്ത് നാലാം പ്രതിയുമാണ്. സോസ കണ്‍സള്‍ട്ടന്‍സിയാണ് ആറാംപ്രതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  സെക്രട്ടറിയാണ് തൃശൂര്‍ കൊടകര പേരാമ്പ്ര സ്വദേശിയായ ഡെല്‍ജിത്.

കുരുവിള സമര്‍പ്പിച്ച പദ്ധതിക്കായി ദക്ഷിണകൊറിയയില്‍ നിന്ന് സോളാര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും കേന്ദ്ര ഊര്‍ജമന്ത്രാലയത്തില്‍നിന്ന് സബ്സിഡിയും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. എം കെ കുരുവിളയ്ക്കുവേണ്ടി അഡ്വ. പി എന്‍ ജയദേവ ഹാജരായി.

സോളാര്‍ കേസില്‍ ബംഗളൂരു സിറ്റി സിവില്‍ കോടതിയുടെ വിധി തന്റെ ഭാഗം കേള്‍ക്കാതെയെന്ന് ഉമ്മന്‍ചാണ്ടി. തെളിവുകള്‍ ഹാജരാക്കാന്‍ അവസരമുണ്ടായില്ലെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു. ബംഗളൂരു കോടതിയില്‍നിന്ന് ലഭിച്ച നോട്ടീസ് പ്രകാരം കേസ് നടത്താന്‍ അഡ്വ. രവീന്ദ്രനാഥിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍നിന്ന് സമന്‍സ് ലഭിച്ചില്ല. ദൃശ്യമാധ്യമങ്ങളില്‍നിന്നാണ് വിശദാംശങ്ങള്‍ അറിഞ്ഞത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!