നാട്ടുകാര്‍ വളഞ്ഞ കേന്ദ്രത്തില്‍ നിന്ന് രണ്ടുപേര്‍ ഓടി രക്ഷപെട്ടു; മൂന്ന് യുവതികളെ പിടികൂടി

ചാത്തന്നൂര്‍: രാത്രിയോടെ രണ്ടു സ്ത്രീകള്‍ കയറി പോകുന്നതു കണ്ട നാട്ടുകാര്‍ വീടു വളഞ്ഞു. ആളു കൂടിയതോടെ വീടിന്റെ പുറകുവശത്തുനിന്ന് രണ്ടുപേര്‍ ഇറങ്ങി ഓടി. ഇവരെ പിടികൂടാന്‍ നാട്ടുകാര്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നുവെന്ന് സംശയിക്കുന്ന സംഘം ചാത്തന്നൂരില്‍ പിടിയിലായി. മൂന്ന് യുവതികളടക്കം നാലുപേരെയാണ് വീട്ടില്‍ നിന്ന് പിടികൂടിയത്. മീയണ്ണൂര്‍ നാല്‍ക്കവലയ്ക്ക് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വീട് വാടകയ്‌ക്കെടുത്ത കുണ്ടറ പെരുമ്പുഴ സ്വദേശിനി, ഭര്‍ത്താവ്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി, മീയണ്ണൂര്‍ നാല്‍ക്കവല സ്വദേശിനി എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവര്‍ ഇടപാടുകാരാണെന്നാണ് സൂചന.

ദമ്പതികളെന്ന് പരിചയപ്പെടുത്തി നാലുമാസങ്ങള്‍ക്ക് മുമ്പാണ് ഉയര്‍ന്ന വാടക നല്‍കി ചാത്തന്നൂര് വീട് വാടകയ്‌ക്കെടുത്തത്. രാത്രി കാലങ്ങളില്‍ വീട്ടില്‍ വാഹനങ്ങള്‍ വന്നുപോകുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. വീട്ടിലേക്ക് പുറത്തുനിന്ന് യുവതികള്‍ വരുന്നത് നാട്ടുകാരുടെ സംശയം വര്‍ധിപ്പിച്ചു. ഇതോടെയാണ് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് വലവിരിച്ചു.

ദമ്പതികള്‍ക്കു പുറമേ രണ്ട് സ്ത്രീകളെ മാത്രമാണ് പിടികൂടാനായത്. പൂയപ്പള്ളി പോലീസ് പിടികൂടിയവരെ പിന്നീട് ചാത്തന്നൂര്‍ പോലീസിനു കൈമാറി. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!