ദിലീപിന്റെ ലൊക്കേഷനില്‍ പള്‍സര്‍, തെളിവുകള്‍ പോലീസിന്

തൃശൂര്‍: സുനിയുമായി ബന്ധമില്ലെന്നും നേരത്തെ കണ്ടിട്ടില്ലെന്നുമുള്ള നടന്‍ ദിലീപിന്റെ മൊഴി പൊളിയുന്നു. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ഫോട്ടോകള്‍ പുറത്ത്. തെളിവ് പൊലീസിന് ലഭിച്ചു.

ദിലീപ് നായകനായ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായിരുന്ന തൃശൂര്‍ പുഴയ്ക്കല്‍ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിലെ ജീവനക്കാരന്‍  ദിലീപുമൊത്ത് എടുത്ത സെല്‍ഫിയാണ് തെളിവായത്. അന്വേഷകസംഘത്തിന് ലഭിച്ച രണ്ടു ചിത്രങ്ങളിലും ദിലീപിന് പുറകിലായി പള്‍സര്‍ സുനി നില്‍ക്കുന്നുണ്ട്. പള്‍സര്‍ സുനി ടെന്നീസ് അക്കാദമിയില്‍ എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള അന്വേഷകസംഘം തൃശൂരിലെത്തി തെളിവെടുത്തു. ടെന്നീസ് അക്കാദമിയിലെ ജീവനക്കാരെ ചോദ്യം ചെയ്തു. ഷൂട്ടിങ് സമയത്ത് സുനി അക്കാദമിയില്‍ എത്തിയതിന്റെ മറ്റ് തെളിവുകളും അന്വേഷക സംഘത്തിന് ലഭിച്ചു.

അക്കാദമിയിലെ സിസിടിവി പരിശോധിച്ചെങ്കിലും ഒരു മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള ദൃശ്യങ്ങള്‍ ഇതില്‍ സൂക്ഷിക്കാന്‍ സംവിധാനമില്ല. സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ ഇത് വിശദമായി പരിശോധിക്കും. ഇതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു പിന്നില്‍ ഒരു ‘മാഡം’ ഉണ്ടെന്ന്  അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഞായറാഴ്ച ആലുവ പൊലീസ് ക്ളബ്ബില്‍ നടന്ന മൊഴിയെടുപ്പിലാണ് ഫെനി ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് അഡ്വ. ഫെനി ബാലകൃഷ്ണന്‍ മുന്നറിയിപ്പുനല്‍കിയെന്ന ദിലീപിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഫെനിയുടെ മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ രണ്ടുമണിക്കൂര്‍ നീണ്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!