2011ലെ തട്ടിക്കൊണ്ടുപോകല്‍: പള്‍സര്‍ സുനിക്കെതിരേ പുതിയ കേസ്, ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കെതിരേ പുതിയ കേസ്. മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് കേസ്. നിര്‍മാതാവ്. ജോണി സാഗരികയുടെ പരാതിയിന്മേല്‍ കൊച്ചി സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്. 2011 നവംബറിലാണ് സംഭവം. സംഭവം നടക്കുന്നത് ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ.

കൊച്ചിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തില്‍ ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം സ്വദേശിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുള്‍പ്പെടെ നാലു പേരാണ് പ്രതികള്‍. യുവസംവിധായകന്റെ നടിക്കുവേണ്ടിയാണ് സുനിലും സംഘവും അന്ന് കെണി ഒരുക്കിയത്. എന്നാല്‍, നിര്‍മ്മാതാവിന്റെ ഭാര്യയും മറ്റൊരാളുമാണ് വാഹനത്തില്‍ കയറിയത്.
നഗരത്തിലെ ഒരു ഹോട്ടല്‍ പ്രതിനിധിയെന്ന രീതിയില്‍ സുനിലിന്റെ സംഘാംഗം ജോണി സാഗരികയെ ബന്ധപ്പെട്ട് നടിമാരുടെ താമസത്തിനും ഹോട്ടലില്‍ എത്തിക്കുന്നതിനും കരാര്‍ ഉണ്ടാക്കി. അതിനുശേഷം റെയില്‍വേ സ്‌റ്റേഷനില്‍ വണ്ടിയുമായി എത്തി കൂട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍, യുവ നടിക്കു പകരം നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയാണ് വാഹനത്തില്‍ കയറിയത്. വാഹനം ഹോട്ടലില്‍ എത്തിക്കാതെ നഗരത്തില്‍ കറക്കുന്നുവെന്നറിഞ്ഞ് ജോണി സാഗരിക നേരിട്ട് ഹോട്ടലിലെത്തിയതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ചത്. പരാതി പറയാന്‍ അടുത്ത ദിവസം ജോണി സാഗരിക പോലീസ് സ്‌റ്റേഷനില്‍ എത്തുമ്പോഴും സുനി ഒപ്പമുണ്ടായിരുന്നു. എന്നാല്‍, രേഖാമൂലം പരാതി നല്‍കിയിരുന്നില്ല.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!