ജിഷ വധം: പ്രതിയെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കും, സുഹൃത്തിനായി തെരച്ചില്‍

jisha murde convictകൊച്ചി: ജിഷ കൊലക്കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈകുന്നേരം മൂന്നിന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി.

വന്‍സുരക്ഷാ സംവിധാനമാണ് കോടതിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. രാവിലെ മുതല്‍ തന്നെ കോടതി വളപ്പ് പോലീസ് നിയന്ത്രണത്തിലാണ്. തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റ്റഡയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. ഔദ്യോഗികമായി ഡി.എന്‍.എ പരിശോധന നടത്താനുള്ള അനുമതി അപേക്ഷയും പോലീസ് നല്‍കും.

തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായ അമീറുള്‍ ഇസ്ലാമിനെ ഇന്നലെ വൈകുന്നേരമാണ് ആലുവ പോലീസ് ക്ലബില്‍ എത്തിച്ചത്. ഇന്ന് രാവിലെ പ്രത്യേക വൈദ്യ പരിശോധനാ സംഘം ക്ലബിലെത്തി പ്രതിയെ പരിശോധനകള്‍ക്ക് വിധേയനാക്കി.

തിരിച്ചറയില്‍ പരേഡ് നടക്കേണ്ടതിനാല്‍ ഇയാളെ തല്‍ക്കാലം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കില്ല. പ്രതി കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തി പോലീസ് ഇന്നലെ കണ്ടെടുത്തിരുന്നു. അസം സ്വദേശിയായ ഇയാള്‍ കൊല നടത്തിയശേഷം നാട്ടിലേക്ക് കടന്നിരുന്നു. പിന്നീട് തമിഴ്‌നാട്ടില്‍ ജോലി അന്വേഷിച്ചെത്തി. ഇതിനിടെ, പുതിയ സിം പഴയ ഫോണില്‍ ഉപയോഗിച്ചതോടെയാണ് പോലീസ് പിന്തുടര്‍ന്ന് കാഞ്ചിപുരത്ത് എത്തിയത്. പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.

അമീറുള്‍ ഇസ്ലാമിന്റെ കൂട്ടുകാരനായി അന്വേഷണ സംഘം അസമില്‍ തെരച്ചില്‍ തുടങ്ങി. കൊലപാതകത്തിനു മുമ്പ് കൂട്ടുകാരനുമൊത്ത് ഭക്ഷണം കഴിച്ചിരുന്നതായി അമീറുള്‍ ഇസ്ലാം മൊഴി നല്‍കിയ സാഹചര്യത്തിലാണ് തെരച്ചില്‍. അമീറുള്‍ ഇസ്ലാമിന്റെ വിവരങ്ങള്‍ നേരത്തെ മറച്ചുവച്ച കരാറുകാരന്‍, വീട്ടുടമ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!