മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് പണവും വസ്തുക്കളും തട്ടിയ കേസില്‍ ഭൂമാഫിയസംഘവും ഗുണ്ടകളും ഡി.വൈ.എഫ്.ഐ നേതാവും അടക്കം ഏഴുപേര്‍ പിടിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് പണവും വസ്തുക്കളും തട്ടിയ കേസില്‍ ഭൂമാഫിയസംഘവും ഗുണ്ടകളും ഡി.വൈ.എഫ്.ഐ നേതാവും അടക്കം ഏഴുപേര്‍ പിടിയില്‍. എറണാകുളം ബ്രോഡ്വേയില്‍ ബിസിനസ് നടത്തുന്ന പച്ചാളം സ്വദേശിനിക്ക് വീടും സ്ഥലവും വിറ്റശേഷം ഭീഷണിപ്പെടുത്തി കൂടുതല്‍ പണവും വസ്തുവും തട്ടിയ കേസിലാണ് അറസ്റ്റ്.

പോണേക്കര പാതുപ്പള്ളി വീട്ടില്‍ കമാലുദ്ദീന്‍ (43), കലൂര്‍ ദേശാഭിമാനി റോഡില്‍ ലിബര്‍ട്ടി ലെയ്നിന്‍ മല്ലിശേരി വീട്ടില്‍ സിദ്ദിഖ് (35), എളമക്കര അറയ്ക്കല്‍ വീട്ടില്‍ വിന്‍സെന്റ് (39), കലൂര്‍ സ്റ്റേഡിയത്തിനു സമീപം റീഗല്‍ റിട്രീറ്റില്‍ അജയകുമാര്‍ (44), തമ്മനം മെയ്ഫസ്റ്റ് റോഡില്‍ കോതാടത്ത് ഫൈസല്‍ (42) തൃശൂര്‍ വലപ്പാട് കാഞ്ഞിരപ്പറമ്പ് വീട്ടില്‍ ജോഷി (48), വൈക്കം തലയോലപ്പറമ്പ് പാലാംകടവ് കാഞ്ഞൂര്‍ വീട്ടില്‍ നിയാസ് അസീസ് (25) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ്ചെയ്തത്.

ഒന്നാംപ്രതി കമാലുദ്ദീന്‍  സെപ്തംബറില്‍ തന്റെ വീടും അഞ്ചു സെന്റ് സ്ഥലവും ഒരുകോടി രൂപയ്ക്ക് പച്ചാളം സ്വദേശിനിക്ക് വിറ്റു. 50 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി ബാക്കി തുക ഗഡുക്കളായി മതിയെന്നു പറഞ്ഞാണ് വസ്തുവും വീടും രജിസ്റ്റര്‍ചെയ്തു നല്‍കിയത്. തുടര്‍ന്ന് 1.25 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഈ പേരു പറഞ്ഞ് പരാതിക്കാരിയുടെ പേരില്‍ തൃക്കാക്കരയിലുള്ള 4000 ചതുരശ്ര അടി വീടും എട്ടു സെന്റ് സ്ഥലവും എഴുതി വാങ്ങി. വീട്ടില്‍നിന്ന് ചെക്കുകളും ഇന്‍കം ടാക്സ് രേഖകളും കൈക്കലാക്കുകയും ചെയ്തു. ഇവരുടെ ജാഗ്വര്‍ കാര്‍ കേസിലെ രണ്ടാം പ്രതി ജോഷിക്ക് പണയപ്പെടുത്തി ആ പണം കമാലുദ്ദീന്‍ കൈക്കലാക്കി. പിന്നീട് ജോഷിയും സഹോദരന്‍ രാജേഷും സ്ത്രീയുടെ വീട്ടില്‍നിന്ന് വിലയേറിയ വാച്ചും ആറുലക്ഷം രൂപയും കൈക്കലാക്കി.

പ്രതികളുടെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കി. തങ്ങള്‍ മുഖ്യമന്ത്രിയുടെ ആള്‍ക്കാരാണെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും വസ്തുവും കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!