നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്, പ്രമുഖരുടെ അറസ്റ്റ ഉടന്‍ ?

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പോലീസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. പ്രമുഖര്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതും നടിയെ അക്രമിച്ചപ്പോള്‍ പകര്‍ത്തിയതെന്നു കരുതുന്ന മെമ്മറി കാര്‍ഡ് ലഭിച്ചതുമാണ് വഴിത്തിരിവായിരിക്കുന്നത്. ഇവയുടെ ആധികാരികത ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വാഹനത്തിനുള്ളിലെ ഇരുട്ടിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. രണ്ടരമിനിറ്റോളം നീളുന്ന ദൃശ്യങ്ങളാണ് പൊലീസിന്റെ കൈവശമുള്ളത്. തേങ്ങി കരയുന്നതിന്റെ അവ്യക്തമായ ശബ്ദങ്ങളും ദൃശ്യത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അഭിഭാഷകനു കൈമാറിയെന്നും പൂഴയില്‍ എറിഞ്ഞുവെന്നുമൊക്കെ പള്‍സര്‍ സുനി ആദ്യ പറഞ്ഞ മെമ്മറി കാര്‍ഡ് പിന്നീട് കാക്കനാട്ടെ ഒരു വ്യാപാര സ്ഥാപനത്തില്‍ എത്തിച്ചതായി മാറ്റി പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് ലഭിച്ചവിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ സുചന അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസിന്റെ പുരോഗതി പരിശോധിച്ച ഡി.ജി.പി നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതായിട്ടാണ് സൂചന. കേസിന്റെ അന്വേഷണ ചുമതലയുള്ള ഐ.ജി. ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയിട്ടുണ്ട്. ഇതോടെയാണ് നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്ന സൂചന പുറത്തുവരുന്നത്. മൊഴിയിലെ വൈരുദ്ധ്യങ്ങളും പ്രമുഖര്‍ക്ക് തലവേദനയാകുന്നുവെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!