ബാങ്കുകൾ നോട്ടീസ് അയച്ചു തുടങ്ങി; ഇനി മൈക്രോ ഫൈനാൻസ് തട്ടിപ്പ് കഥകളുടെ കാലം

കൊച്ചി: രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഉയർത്തപ്പെട്ട മൈക്രോ ഫൈനാൻസ് തട്ടിപ്പ് ആരോപണത്തിന്റെ ചുരുളുകൾ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ സംസ്ഥാനത്ത് അഴിഞ്ഞു തുടങ്ങുന്നു. നിലവിലുള്ളതും ഇല്ലാത്തതുമായ സംഘടനകളുടെ പേരിൽ രേഖകൾ ചമച്ച് പേപ്പറിൽ മാത്രം ജീവിക്കുന്ന സംഘങ്ങളുണ്ടാക്കി കോടികളാണ് കഴിഞ്ഞ വർഷങ്ങളിൽ തട്ടിച്ചിട്ടുള്ളത്.

സാമ്പത്തിക തട്ടിപ്പിന്റെ വശങ്ങളറിയാവുന്നവരും ബാങ്കിലെ ഒരു വിഭാഗം ജീവനക്കാരും രാഷ്ട്രീയ ദല്ലാളുമാരും ചേർന്ന് മുക്കിയിരിക്കുന്നത് ആർക്കും ഹൃദയാഘാതമുണ്ടാക്കുന്ന തുകയാണ്. പണം തിരിച്ചടയ്ക്കപ്പെടാതെ വന്നതോടെ നോട്ടീസ് അയക്കാനുള്ള തയാറെടുപ്പിലാണ് പല ധനകാര്യ സ്ഥാപനങ്ങളും. സാമുദായിക സംഘടനകളുടെയും എൻ.ജി.ഒകളുടെയും കുടിശികകൾ പിരിച്ചെടുക്കാൻ ബാങ്കുകൾക്ക് വഴികളുണ്ട്. എന്നാൽ പേപ്പർ സംഘടനകളെ എന്തു ചെയ്യുമെന്നറിയാത്ത നിലയിലാണ് പണം നൽകിയവർ.

വർഷങ്ങളായി പ്രവർത്തിക്കുന്നതിന്റെ രേഖകൾ അടക്കം ഹാജരാക്കിയാണ് പലരും സംസ്ഥാനമൊട്ടുക്കും വിതരണം ചെയ്യാൻ കോടികൾ സ്വന്തമാക്കിയിട്ടുള്ളത്.

സംഘങ്ങൾ പണം തിരിച്ചടച്ചിട്ടും തുക ബാങ്കിലെത്തിയില്ല

തൃശൂർ: എസ്എൻഡിപി നേതൃത്വത്തിലുള്ള മൈക്രോഫിനാൻസ് യൂണിറ്റുകൾ വഴി വായ്പയെടുത്ത വനിതാ സ്വാശ്രയസംഘങ്ങൾക്ക് വായ്പ തുക തിരിച്ചടച്ചിട്ടും ജപ്തി നോട്ടീസ് കിട്ടി. അരക്കോടിയിലധികം രൂപയുടെ കുടിശ്ശിക ഉടൻ അടച്ചുതീർക്കണമെന്നാവശ്യപ്പെട്ട് ധനലക്ഷ്മി ബാങ്കാണ് സ്വാശ്രയ സംഘാംഗങ്ങൾക്ക് ജപ്തി നോട്ടീസയച്ചത്.

യൂണിയന് നൽകിയ തുക ബാങ്കിലടയ്ക്കാതെ വെട്ടിച്ച കേസിൽ എസ്എൻഡിപി ഭാരവാഹികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ വലക്കാവ് പൊങ്ങാണാംമൂലയിലെ ഗുരുപ്രസാദം വനിത സ്വാശ്രയസംഘം കൺവീനറായ കോമളവല്ലിയുടെ നേതൃത്വത്തിലുള്ള 14 സ്ത്രീകൾ എസ്എൻഡിപി മണ്ണുത്തി യൂണിയൻ മൈക്രോഫിനാൻസ് മുഖേനെയാണ് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. വായ്പ തുക മുഴുവൻ പലിശ സഹിതം ഇവർ യൂണിയൻ വഴി തിരിച്ചടച്ചു. അപ്പോഴാണ് കുടിശ്ശികയുള്ള 15 ലക്ഷം രൂപ അടക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന ബാങ്ക് നോട്ടീസെത്തിയത്.

റിക്കവറി നടപടികളുടെ തുടക്കമെന്ന നിലയിൽ ഇവർക്ക് വീണ്ടും ഒരു നോട്ടീസ് കൂടി ലഭിച്ചതോടെ തട്ടിപ്പിനിരകളായവർ ആശങ്കയിലാണ്. ഇത്തരത്തിൽ 15 സ്വാശ്രയ വനിത സംഘങ്ങളാണ് മണ്ണുത്തി യൂണിയന് കീഴിൽതട്ടിപ്പിനിരകളായിട്ടുള്ളത്. യൂണിയന് തിരിച്ചടവായി ലഭിച്ച തുക ബാങ്കിലടക്കാതെ ഒന്നേകാൽ കോടിയോളം രൂപ മുൻ യൂണിയൻ സെക്രട്ടറിയും ഏതാനും ജീവനക്കാരും ചേർന്ന് തട്ടിയതയാണ് ഇവരുടെ പരാതി.

അന്വേഷണത്തിനൊടുവിൽ മണ്ണുത്തി എസ്എൻഡിപി യൂണിയൻ സെക്രട്ടറി പവിത്രൻ ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years ago

    ആരുടെ മുഖം മൂടിയാണ് അഴിഞ്ഞു വീഴാന്‍ പോകുന്നത്…..കാത്തിരിക്കാം

  • DISQUS: 0
    error: Content is protected !!