നിസാം കുറ്റക്കാരന്‍; ശിക്ഷ നാളെ വിധിക്കും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസ്സാം കുറ്റക്കാരനാണെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി.

ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച് പ്രാഥമിക വാദവും കോടതിയില്‍ പൂര്‍ത്തിയായി. ക്രൂരനായ കൊലയാളിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.പി ഉദയഭാനു വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസിന്റെ പരിധിയില്‍ വരുന്ന കേസാണിത്. പ്രതിക്കെതിരെ കാപ്പ നിയമം ചുമത്തിയിട്ടുണ്ട്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

ശിക്ഷ ഉറപ്പായതോടെ നിസ്സാം കോടതിയുടെ കനിവിനായി അപേക്ഷിച്ചു. തന്റേത് കൂട്ടുകുടുംബമാണെന്നും ഏക ആശ്രയമാണ് താനെന്നും അതിനാല്‍ ദയവുകാട്ടണമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. 2015 ജനുവരി 29നാണ് ശോഭാ സിറ്റി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസ്സാം ആക്രമിച്ചത്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ രണ്ട് കുറ്റങ്ങള്‍ ഒഴികെ ബാക്കിയെല്ലാം കോടതി അംഗീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!